കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റു ചെയ്ത അലന് ശുഹൈബിനെയും താഹ ഫസലിനെയും മൂന്ന് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കൂടുതല്‍ തെളിവെടുപ്പിനായി ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി അറിയിച്ചിട്ടുണ്ടെന്ന് താഹാ പറഞ്ഞു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ അലനെയും താഹയെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി മൂന്നു ദിവസത്തേക്കാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. പ്രതിഭാഗം കസ്റ്റഡി അപേക്ഷയെ എതിര്‍ത്തു. എന്നാല്‍ കോടതി ഇരുവരെയും ഈ മാസം 18 വരെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു.
അടുത്ത ദിവസം ഇരുവരെയും കൂടുതല്‍ തെളിവെടുപ്പിനായി കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസം എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ ഇരുവരെയും ചോദ്യം ചെയ്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.