മാപ്പുസാക്ഷിയാകാന്‍ സമ്മര്‍ദ്ദം; കൂട്ടുപ്രതികള്‍ക്കെതിരെ മൊഴി നല്‍കില്ലെന്ന് അലന്‍ ഷുഹൈബ് കോടതിയില്‍

കൊച്ചി: കോഴിക്കോട് പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ മാപ്പുസാക്ഷിയാകാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് അലന്‍ ഷുഹൈബ്. കേസില്‍ അറസ്റ്റിലായ അലന്‍ എന്‍ഐഎ കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പല കോണുകളില്‍ നിന്നും ഇതിനായി സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ കൂട്ടുപ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ തയ്യാറല്ലെന്നും അലന്‍ ഷുഹൈബ് കോടതിയില്‍ വ്യക്തമാക്കി.

അതേസമയം അലന്‍ ഷുഹൈബിന്റെ വെളിപ്പെടുത്തല്‍ എന്‍ഐഎ തള്ളി. മാപ്പുസാക്ഷി ആകാന്‍ അലന് മേല്‍ സമ്മര്‍ദ്ദമില്ല. താല്‍പ്പര്യം ഉണ്ടെങ്കില്‍ മാത്രം അലന്‍ ഷുഹൈബിന് കേസില്‍ മാപ്പുസാക്ഷിയാകാമെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.

പന്തീരാങ്കാവ് യുഎപിഎ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കി കൂട്ടുപ്രതിയായ താഹക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് അലന്‍ കോടതിയെ അറിയിച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് ഇരുവരെയും വക്കീലിനെ കാണാനും മാതാപിതാക്കള്‍ക്ക് സന്ദര്‍ശിക്കാനുമുള്ള സൗകര്യത്തിന് കാക്കനാട് ജയിലിലേക്ക് മാറ്റാന്‍ കോടതി അനുവദിച്ചിരുന്നു.

എന്നാല്‍ അവിടെ ചില പ്രശ്‌നങ്ങളുണ്ടെന്നും തിരികെ വിയ്യൂരിലെക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അലനും താഹയും എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. ഈ ആവശ്യം കോടതി പരിഗണിച്ചപ്പോള്‍ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കി. ഇതിനിടെയാണ് മാപ്പ്‌സാക്ഷിയാകാന്‍ സമ്മര്‍ദ്ദമുണ്ടെന്ന് അലന്‍ പറഞ്ഞത്.

SHARE