മാപ്പ് സാക്ഷിയാവാന്‍ എന്‍ഐഎ തന്നെ നിര്‍ബന്ധിച്ചുവെന്ന് അലന്‍ ഷുഹൈബ്

കോഴിക്കോട്: മാപ്പുസാക്ഷിയാവാന്‍ തന്നെ എന്‍.ഐ.എ. നിര്‍ബന്ധിച്ചുവെന്ന് പന്തീരാങ്കാവ് യു.എ.പി.എ കേസിലെ ഒന്നാം പ്രതി അലന്‍ ഷുഹൈബ്. മാപ്പുസാക്ഷിയാവാന്‍ എന്‍.ഐ.എ ഓഫര്‍ വച്ചുവെന്നും താന്‍ മാപ്പുസാക്ഷിയാകില്ലെന്നും അലന്‍ പറഞ്ഞു. മൂന്ന് മണിക്കൂര്‍ പരോള്‍ ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു ഇങ്ങനെ പറഞ്ഞത്. അസുഖബാധിതയായ അമ്മൂമ്മയുടെ അനുജത്തിയെ കാണാനാണ് പരോള്‍ ലഭിച്ചത്.

വന്‍ പൊലീസ് സന്നാഹത്തോടെ രാവിലെ 10.30ഓടെ കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഒന്നരയോടെ വിയ്യൂര്‍ ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അലനേയും താഹയേയും അറസ്റ്റുചെയ്തത്. പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. വന്‍രാഷ്ട്രീയ വിവാദമായിരുന്നു കേസ്.

SHARE