ഞങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ എവിടെയെങ്കിലും ബോംബ് വെച്ചിട്ടുണ്ടോ; മുഖ്യമന്ത്രി മറുപടി പറയട്ടെയെന്ന് അലനും താഹയും

കൊച്ചി: തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്നും സി.പി.ഐ.എം പ്രവര്‍ത്തകരാണെന്നും ആവര്‍ത്തിച്ച് പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ശുഹൈബും താഹ ഫസലും.

മാവോയിസ്റ്റാണെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി എവിടെയാണ് തങ്ങള്‍ ബോംബ് വെച്ചതെന്നും ആരെയാണ് കൊന്നത് എന്നതിനും തെളിവ് കൊണ്ടുവരണമെന്നും ഇവര്‍ പറഞ്ഞു. കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു ഇരുവരും മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. കോടതി ഇരുവരേയും അടുത്ത മാസം 14 വരെ റിമാന്‍ഡ് ചെയ്തു.

കേസ് എന്‍.ഐ.എ ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇരുവരേയും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരാക്കുന്നത്. മുഖ്യമന്ത്രി എന്തുകൊണ്ടാണ് തങ്ങളെ മാവോയിസ്റ്റ് എന്ന് വിളിക്കുന്നതെന്ന് അറിയില്ലെന്നാണ് ഇരുവരും പ്രതികരിച്ചത്. പാര്‍ട്ടിക്കായി പോസ്റ്ററൊട്ടിക്കാനും കൊടികെട്ടാനും പോയവരാണ് തങ്ങളെന്നും ഇവര്‍ പറഞ്ഞു.

‘ഞങ്ങള്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ തന്നെയാണ്. മുഖ്യമന്ത്രി പറഞ്ഞതിനെ പറ്റി ഞങ്ങള്‍ക്ക് ഒരു സംഭവവും അറിയില്ല. മുഖ്യമന്ത്രി ഞങ്ങള്‍ മാവോയിസ്റ്റുകളാണ് എന്ന് പറയുകയാണെങ്കില്‍ കൃത്യമായി തെളിവുകള്‍ ഹാജരാക്കണം, ഞങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ, ഞങ്ങള്‍ എവിടെയെങ്കിലും ബോംബ് വെച്ചിട്ടുണ്ടോ എന്ന് കൃത്യമായിട്ട് മുഖ്യമന്ത്രി പറയേണ്ടതുണ്ട്’ അലന്‍ പറഞ്ഞു.

സി.പി.ഐ.എമ്മിന് വേണ്ടി വോട്ട് പിടിക്കാനും മറ്റും തെണ്ടിനടന്ന ആളുകളാണ് ഞങ്ങള്‍’, എന്നായിരുന്നു താഹ ഫസല്‍ വാഹനത്തിലേക്ക് കയറുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

തൃശൂരിലെ അതിസുരക്ഷാ ജയിലില്‍ ഇരുവരേയും പാര്‍പ്പിക്കണമെന്നും രണ്ടാം പ്രതി താഹയ്ക്കുള്ള ദന്ത ചികിത്സ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി. ഇതിനിടെ പ്രതികളെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന എന്‍.ഐ.എയുടെ ഹരജി കോടതി നാളെ പരിഗണിക്കും.