പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന് ഷുഹൈബിനെയും താഹാ ഫസലിനെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. മാര്‍ച്ച് 20 വരെയാണ് കസ്റ്റഡി കാലാവധി. താഹയ്ക്കെതിരെ ശക്തമായ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എന്‍ഐഎ വ്യക്തമാക്കി. അഞ്ച് ദിവസത്തേക്കാണ് രണ്ട് പ്രതികളെയും അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്. കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് എന്‍ഐഎ ചൂണ്ടിക്കാട്ടി. താഹയില്‍ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പില്‍ മാവോയിസ്റ്റ് അനുകൂല ഉള്ളടക്കമുണ്ട്. ഇക്കാര്യത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യണമെന്നും എന്‍ഐഎ.
അലനെയും താഹയെയും ജയിലില്‍ മാവോയിസ്റ്റ് അനുകൂലികള്‍ സന്ദര്ശിച്ചവെന്നും സംഭവത്തില്‍ വിവരശേഖരണം നടത്തുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കി. അതേസമയം പ്രതികള്‍ കസ്റ്റഡിയിലിരിക്കെ കൊറോണ മുന്‍കരുതല്‍ എടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പ്രതികളുമായി അധികം യാത്ര പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനിടെ തനിക്ക് വിഷാദം ഉണ്ടെന്നും ഗുളിക കഴിക്കേണ്ടതുണ്ടെന്നും അലന് കോടതിയെ അറിയിച്ചു. താന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലെന്നും ജാമ്യാപേക്ഷ പരിഗണിക്കണമെന്നുമാണ് താഹ കോടതിയില്‍ ബോധിപ്പിച്ചത്.