അടച്ചുപൂട്ടില്ല; 21-ാം വാര്‍ഷികത്തില്‍ വിപുലീകരണ പദ്ധതികളുമായി അല്‍ജസീറ

ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ച സഊദി സഖ്യരാജ്യങ്ങള്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്ന ഉപാധി മുന്നോട്ടുവയ്ക്കുമ്പോള്‍ യാതൊരു കാരണവശാലും അടച്ചുപൂട്ടില്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുകയാണ് ഖത്തര്‍. മാത്രമല്ല, 21-ാം വാര്‍ഷികത്തില്‍ അല്‍ജസീറ വിപുലീകരണപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്കിന്റെ 21-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തിരുന്നു. അല്‍ജസീറ അടച്ചുപൂട്ടില്ല എന്ന മുദ്രാവാക്യത്തില്‍ അല്‍ജസീറ ആസ്ഥാനത്തായിരുന്നു ആഘോഷപരിപാടികള്‍ നടന്നത്.
ഉപരോധം തുടരുന്ന സാഹചര്യത്തില്‍ക്കൂടിയാണ് ഇത്തവണ അല്‍ജസീറ വാര്‍ഷികം ആഘോഷിക്കുന്നത്.അല്‍ജസീറ ചൈനീസ്, ഇന്തോനേഷ്യന്‍ ഭാഷകളില്‍ വാര്‍ത്താസേവനം ഉടന്‍ തുടങ്ങുമെന്ന് അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക് ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമര്‍ അല്‍താനി അറിയിച്ചു. ഫ്രഞ്ച് ഉള്‍പ്പടെയുള്ള രാജ്യാന്തര ഭാഷകളില്‍ മൊബൈല്‍ഫോണുകള്‍ക്കായി ഡിജിറ്റല്‍ സംപ്രേഷണത്തിനുള്ള പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധി പരിഹരിക്കുന്നതിനായി സഊദി സഖ്യം മുന്നോട്ടുവച്ച ഉപാധികളിലൊന്ന് അല്‍ജസീറ അടച്ചുപൂട്ടണമെന്നതായിരുന്നു. എന്നാല്‍ അല്‍ജസീറ തങ്ങളുടെ ആഭ്യന്തരകാര്യമാണെന്നും യാതൊരുകാരണവശാലും പൂട്ടില്ലെന്നും അമീര്‍ വ്യക്തമാക്കിയിരുന്നു. ആഘോഷപരിപാടിയില്‍ ചെയര്‍മാനു പുറമെ ബോര്‍ഡംഗങ്ങള്‍, ജീവനക്കാര്‍, ബുദ്ധിജീവികള്‍, മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു. അമീര്‍ അല്‍ജസീറയയ്ക്ക് നല്‍കുന്ന തുടര്‍ച്ചയായ പിന്തുണയ്ക്ക് ചെയര്‍മാന്‍ അഭിനന്ദനം അറിയിച്ചു. അല്‍ജസീറ അടയ്ക്കില്ലെന്ന് കഴിഞ്ഞദിവസം സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ അമീര്‍ വ്യക്തമാക്കിയതാണ് അല്‍ജസീറയ്ക്ക് ലഭിച്ച വലിയ പിന്തുണയെന്ന് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനതത്വങ്ങളിലൂന്നി അല്‍ജസീറ മുന്നോട്ടുപോകും. അല്‍ജസീറ പൂട്ടണമെന്ന് ആഗ്രഹിക്കുന്നവര്‍ അഭിപ്രായസ്വാതന്ത്ര്യം റദ്ദാക്കണമെന്ന ചിന്താഗതിയുള്ളവരാണ്. കൃത്യമായ വിവരങ്ങളും അറിവുകളും ജനങ്ങള്‍ അറിയരുതെന്ന് കരുതുന്നവരാണ്.അല്‍ജസീറ അഭിപ്രായസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നതുകൊണ്ടാണ് ഈ രാജ്യങ്ങള്‍ ചാനല്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുന്നതെന്നും ശൈഖ് ഹമദ് ബിന്‍ താമര്‍ അല്‍താനി പറഞ്ഞു. ശബ്ദങ്ങളില്ലാത്തവരുടെ ശബ്ദമെന്ന ആശയത്തോടെ 1996 നവംബര്‍ ഒന്നിനാണ് അല്‍ ജസീറയുടെ അറബിക് ചാനല്‍ ദോഹയില്‍ നിന്നു സംപ്രേഷണം തുടങ്ങുന്നത്. ആദ്യത്തെ അറബ് ന്യൂസ് ചാനലുകളിലൊന്നായ അല്‍ജസീറ മധ്യ,പൂര്‍വ്വേഷ്യയിലും, ഉത്തര ആഫ്രിക്കയിലും ഏറെ ശ്രദ്ധേയവും ജനപ്രീതിയുമാര്‍ജിച്ച ചാനലായി വളരെ പെട്ടെന്ന് മുന്നേറി. സംഘര്‍ഷ മേഖലകളില്‍ നിന്നുള്ള തല്‍സമയ സംപ്രേഷണം അല്‍ജസീറയുടെ പ്രാധാന്യം വര്‍ധിപ്പിച്ചു. 2006ല്‍ ഇംഗ്ലീഷ് ചാനലും തുടങ്ങി. അല്‍ജസീറയുടെ ദോഹയിലെ ന്യൂസ് റൂം ആഗോളതലത്തില്‍തന്നെ മാധ്യമരീതികളില്‍ മാറ്റം വരുത്താന്‍ പ്രേരകമായിട്ടുണ്ടെന്ന്് അല്‍ജസീറ ഇംഗ്ലീഷ് മാനേജിങ് ഡയറക്ടര്‍ ഗില്‍സ് ട്രെന്‍ഡില്‍ പറഞ്ഞു.
ജനങ്ങളുടെ അറിയാനുളള അവകാശസംരക്ഷണത്തിനായി ഇവിടത്തെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ വലിയ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. അല്‍ജസീറയ്‌ക്കെതിരെയുള്ള പ്രചാരണങ്ങള്‍ തുടരുമ്പോഴും ഒരു ആശയമെന്ന നിലയില്‍ അടച്ചു പൂട്ടാനാവില്ലെന്ന് ഗില്‍സ് ട്രെന്‍ഡില്‍ പറഞ്ഞു.

SHARE