സ്‌ഫോടനശ്രമങ്ങളില്‍ ബഹ്‌റൈന്റെ പങ്ക് വെളിപ്പെടുത്തി അല്‍ജസീറ

ദോഹ: 1996ല്‍ ഖത്തറില്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ ബഹ്‌റൈന്‍ ആസൂത്രണം ചെയ്തതായി അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്കിന്റെ വെളിപ്പെടുത്തല്‍ നിലവിലെ ബഹ്‌റൈന്‍ രാജാവും അന്നത്തെ കിരീടാവകാശിയുമായിരുന്ന ശൈഖ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയാണ് ഇതിനു നേതൃത്വം നല്‍കിയതെന്ന് വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി കഴിഞ്ഞദിവസം അല്‍ജസീറ അറബികില്‍ സംപ്രേഷണം ചെയ്തു.
ഉപരോധ രാജ്യങ്ങള്‍ 1996 ല്‍ ഖത്തറിനെതിരെ നടത്തിയ അട്ടിമറി ശ്രമങ്ങളെ കുറിച്ചുളള ”മാ ഖഫിയ അഅദം” എന്ന പരിപാടിയുടെ രണ്ടാം ഭാഗത്തിലാണ് തെളിവുകള്‍ സഹിതമുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 1995ല്‍ അധികാരത്തിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിക്കെതിരെ സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത് രാജ്യങ്ങള്‍ നടത്തിയ അട്ടിമറി ശ്രമം പരാജയപ്പെട്ടശേഷമായിരുന്നു സ്‌ഫോടനശ്രമം. ഇതിനായി അന്നത്തെ ബഹ്‌റൈന്‍ കിരീടാവകാശിയായിരുന്നു ഫണ്ട് നല്‍കിയത്. 1996 ഒക്‌ടോബറില്‍ ഖത്തര്‍ എമിഗ്രേഷന്‍ ഓഫീസ് സ്‌ഫോടനത്തില്‍ തകര്‍ക്കാനായിരുന്നു പദ്ധതി. അന്ന് ഖത്തര്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇമിഗ്രേഷന്‍ ഓഫീസ് സമീപത്തുനിന്നും തീവ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിരുന്നു.
ഖത്തറില്‍ സ്‌ഫോടനങ്ങള്‍ക്കും അട്ടിമറികള്‍ക്കുമായി ഒരുലക്ഷത്തിലധികം ബഹ്‌റൈന്‍ ദിനാറാണ് ചെലവഴിക്കപ്പെട്ടത്. ഇമിഗ്രേഷന്‍ ഓഫീസിനു പുറമെ കഹ്‌റമാ ഓഫീസ് ഉള്‍പ്പെടെ പ്രധാനപ്പെട്ട ഏഴിടങ്ങളില്‍ ഒരേ സമയം സ്‌ഫോടനം നടത്താനായിരുന്നുനീക്കം. അട്ടിമറി ശ്രമത്തില്‍ പങ്കെടുത്തവരുടെയും ഖത്തറിലെ മുന്‍ യുഎസ് അംബാസഡറുടെയും അഭിമുഖങ്ങള്‍ സഹിതമാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തിരിക്കുന്നത്.
അട്ടിമറിക്കു സഹായം നല്‍കിയ ഖത്തരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് യുഎഇ അഭയം നല്‍കിയതായും മികച്ച സൗകര്യങ്ങളും സാമ്പത്തികസഹായവും ലഭ്യമാക്കിയതായും വെളിപ്പെടുത്തലുണ്ട്.
മാര്‍ച്ച് നാലിനായിരുന്നു ആദ്യഭാഗത്തിന്റെ സംപ്രേഷണം. രണ്ടു ഭാഗങ്ങളും അല്‍ജസീറ ചാനല്‍ യുട്യൂബ് അക്കൗണ്ടില്‍ ലഭ്യമാണ്.

SHARE