കുടുംബ വാഴ്ച; രാഹുലിനെ പിന്തുണച്ച് അഖിലേഷ് യാദവ്

ലക്‌നോ: ഇന്ത്യയില്‍ കുടുംബ വാഴ്ച സാധാരണമാണെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് അഖിലേഷ് യാദവിന്റെ പിന്തുണ. ഇന്ത്യയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും കുടുംബ വാഴ്ച നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിവുള്ളവര്‍ ഉന്നതങ്ങളിലെത്തുമെന്നും ബി.ജെ.പി അതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അഖിലേഷ് മാധ്യമങ്ങളോട് പറഞ്ഞു. ‘അമേരിക്കന്‍ രാഷ്ട്രീയം എടുത്ത് പരിശോധിച്ചാല്‍ കുടുംബ വാഴ്ച കാണാം. യു.എസ് പ്രസിഡന്റായ ഒരാളുടെ മകനോ ഭാര്യയോ ഈ സ്ഥാനത്തേക്ക് എത്തിയ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും’-അഖിലേഷ് പറഞ്ഞു. രാഹുല്‍ ഗാന്ധി തന്റെ അടുത്ത സുഹൃത്താണെന്നും ഈ ബന്ധം സുദൃഢമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടന്ന സംവാദത്തിലാണ് രാഹുല്‍ കുടുംബ വാഴ്ചയെക്കുറിച്ച് പരാമര്‍ശിച്ചത്. രാഷ്ട്രീയത്തിലും ബിസിനസിലും സിനിമയിലുമെല്ലാം കുടുംബവാഴ്ച സാധാരണമാണെന്ന് അഖിലേഷ് (മുലായം സിങിന്റെ മകന്‍), സ്റ്റാലിന്‍ (കരുണാനിധിയുടെ മകന്‍), മുകേഷ് അംബാനി (ധീരുഭായ് അംബാനിയുടെ മകന്‍), അഭിഷേക് ബച്ചന്‍ (അമിതാഭ് ബച്ചന്‍) എന്നിവരെ പേരെടുത്ത് പറഞ്ഞ് രാഹുല്‍ സമര്‍ത്ഥിച്ചിരുന്നു.