ലോക്ക്ഡൗണ്‍ കാലത്തും ശാഖായോഗവും രാഷ്ട്രീയ മുതലെടുപ്പും; ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ അഖിലേഷ് യാദവ്

ലക്‌നൌ: ലോക്ക്‌ഡൌണിന് ഇടയില്‍ ആര്‍എസ്എസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. ലോക്ക്‌ഡൌണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് ആര്‍എസ്എസ് ശാഖാ യോഗങ്ങള്‍ നടത്തുന്നുവെന്നും എന്‍ജിഒകള്‍ വിതരണത്തിന് കൊണ്ടുവന്ന ഭക്ഷ്യധാന്യങ്ങള്‍ മോദി അനുകൂല മേഖലകളില്‍ വിതരണം ചെയ്യുന്നതായും അഖിലേഷ് യാദവ് ആരോപിക്കുന്നു.

രാജ്യമൊന്നിച്ച് നിന്ന് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെടുമ്പോള്‍ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നാണ് അഖിലേഷ് യാദവ് ആരോപിക്കുന്നത്. ആത്മാര്‍ത്ഥമായി വൈറസിനെതിരായി പോരാടാതെ രാഷ്ട്രീയം കളിക്കുന്നതിനെതിരെ രൂക്ഷമായാണ് അഖിലേഷിന്റെ പ്രതികരണം. എന്‍ജിഒകള്‍ കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങള്‍ ആര്‍എസ്എസ് മോദിയുടെ മുഖമുള്ള കവറുകളിലാക്കി വിതരണം ചെയ്യുകയാണ്. ഇത് അവരുടെ മാനസിക അവസ്ഥയാണ് പ്രകടമാക്കുന്നത്.

രാജ്യം കനത്ത വെല്ലുവിളികള്‍ നേരിടുമ്പോള്‍ തെറ്റിധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുകയാണ് ബിജെപി സര്‍ക്കാരെന്നും അഖിലേഷ് യാദവ് ആരോപിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസവേതനക്കാരും സാധാരണക്കാരും തെരുവുകളില്‍ കഷ്ടപ്പെടുമ്പോള്‍ വിജയിച്ചുവെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം. ഭരണാധികാരുടെ തുടര്‍ച്ചയായ അനാസ്ഥമൂലം രോഗം പടര്‍ന്ന ആഗ്രയിലെ സംഭവങ്ങള്‍ മറച്ച് വെച്ചാണ് ആഗ്രമോഡലിനെക്കുറിച്ച് പ്രധാനമന്ത്രി പ്രശംസിക്കുന്നതെന്നും അഖിലേഷ് യാദവ് ആരോപിച്ചു.