കൗമാരക്കാര്‍ നടത്തിയത് ആസൂത്രിത കൊലപാതകം, ഞെട്ടിക്കുന്ന ക്രൂരത

പത്തനംതിട്ട: അഖിലിനെ കൊന്നത് കൂട്ടുകാരുടെ ആസൂത്രണത്തിന്റെ ഭാഗമായാണെന്ന് പോലീസ് പറയുന്നു. ഇന്നലെയാണ് സമൂഹമാധ്യമത്തില്‍ കളിയാക്കിയതിനാണ് പത്തനംതിട്ട അങ്ങാടിക്കലില്‍ പതിനാറ് വയസ്സുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്നു വെട്ടിക്കൊന്നത്.

രണ്ട് സുഹൃത്തുക്കള്‍ സൈക്കിളില്‍ വരുകയും വിജനമായ പറമ്പില്‍ ഇരുവരും ചേര്‍ന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തുകയുമായിരുന്നു. താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിനു വെട്ടുകയായിരുന്നു. പിന്നീട് കമഴ്ത്തി കിടത്തിയും വെട്ടി. ഇതിനു ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. അല്‍പം ദൂരെ നിന്നും മണ്ണു കൊണ്ടുവന്നു മുകളില്‍ ഇടുകയും ചെയ്തു.

സംശയകരമായി രണ്ടു പേര്‍ നില്‍ക്കുന്നതു ദൂരെ നിന്ന നാട്ടുകാരില്‍ ഒരാളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംശയം തോന്നിയ ഇയാള്‍ നാട്ടുകാരെ കൂട്ടി സ്ഥലത്ത് എത്തി. ചോദ്യം ചെയ്തപ്പോഴാണ് നടന്ന കാര്യങ്ങള്‍ ഇവര്‍ പറഞ്ഞത്. സ്ഥലത്തെ മണ്ണ് മാറ്റിയാണു മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തു.

അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് മിനി ദമ്പതികളുടെ മകന്‍ എസ്.അഖിലിനെ ആണ് രണ്ടു സുഹൃത്തുക്കള്‍ ചേര്‍ന്നു കൊലപ്പെടുത്തിയത്. ഒമ്പതാം ക്ലാസ് വരെ അഖിലിന്റെ ഒപ്പം പഠിച്ചിരുന്നവരാണു കൊല നടത്തിയതെന്നു പൊലീസ് പറഞ്ഞു. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഖില്‍. അങ്ങാടിക്കല്‍ തെക്ക് എസ്എന്‍വി എച്ച്എസ് സ്‌കൂളിന് സമീപം കദളിവനം വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയ്ക്കു ക്രൂരമായ കൊലപാതകം ഉണ്ടായത്. രാവിലെ അഖിലിനെ വീട്ടില്‍ നിന്നും സുഹൃത്തുക്കള്‍ സൈക്കിളില്‍ വിളിച്ച് ഇറക്കിക്കൊണ്ടു പോകുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ജി.സൈമണ്‍, അടൂര്‍ ഡിവൈഎസ്പി. ജവഹര്‍ ജനാര്‍ദ്, സിഐ ശ്രീകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി.

SHARE