കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ 3000നും 4000നും ഇടയില്‍ കോവിഡ് കേസുകള്‍ പ്രതീക്ഷിച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി എ കെ ശശീന്ദ്രന് അറിയിച്ചു. ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഇതിനോടകം തയ്യാറാക്കി. നിലവിലെ അവസ്ഥയില്‍ മുന്നോട്ടുപോയാല്‍ ജില്ലയില്‍ ആകെ വരാന്‍ സാധ്യതയുള്ള കേസുകളുടെ എണ്ണമാണ് ഇതെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 3000നും 4000നും ഇടയില്‍ കോവിഡ് കേസുകള്‍ ഉണ്ടായാല്‍ 600 ഓക്സിജന്‍ സിലിണ്ടറുകളും 200 വെന്റിലേറ്ററുകളും ആവശ്യം വന്നേക്കാം. ക്വാറന്റൈനില്‍ ഉള്ളവരെ നിരീക്ഷിക്കാന്‍ 118 സ്ക്വാഡുകളെ രംഗത്തിറക്കും. ജില്ലയിലെ ഹാര്‍ബറുകളിലെ നിയന്ത്രണം തുടരും.
കോഴിക്കോട് ബീച്ച് ആശുപത്രി രണ്ടുദിവസത്തിനുള്ളില്‍ കോവിഡിനു വേണ്ടിയുള്ള പ്രത്യേക ആശുപത്രിയാക്കി മാറ്റും. ചികില്‍സയ്ക്കു സജ്ജമാകാന്‍ സ്വകാര്യ ആശുപത്രികള്‍ക്കു നിര്‍ദ്ദേശം നല്കി. ആവശ്യമെങ്കില്‍ ഇത്തരം ആശുപത്രികളിലെ ബ്ലോക്കുകള്‍ കോവിഡ് ആശുപത്രിയാക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് 19 സമ്പര്‍ക്ക വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയില്‍ എട്ട് പുതിയ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒളവണ്ണ, മേപ്പയൂര്‍ എന്നീ പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ടെയിന്മെന്റ് സോണായി. ഇതോടെ ജില്ലയില്‍ 14 പഞ്ചായത്തുകള്‍ പൂര്‍ണ്ണമായും കണ്ടെയിന്മെന്റ് സോണായി. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 6പള്ളിത്താഴെ വാര്‍ഡ്, ഒഞ്ചിയം ഗ്രാമപഞ്ചായത്തിലെ 14മടപ്പള്ളി കോളേജ്, 15കണ്ണുവയല്‍ എന്നീ വാര്‍ഡുകളും കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 5പുളിയഞ്ചേരി, കോഴിക്കോട് കോര്‍പ്പറേഷനിലെ വാര്‍ഡ് 56 ചക്കും കടവും വാര്‍ഡ് 36കല്ലായിയും എന്നിവയുമാണ് പുതുതായി പ്രഖ്യാപിച്ച കണ്ടൈന്‍മെന്റ് സോണുകളാണ്. വടകര മുന്‍സിപ്പാലിറ്റി പൂര്‍ണമായും കണ്ടെയിന്മെന്റ് സോണാണ്.