അക്കാദമി ചെലവില്‍ ചലച്ചിത്രമേളയ്ക്ക് മുഖ്യമന്ത്രിയുടെ അനുമതി; സര്‍ക്കാര്‍ ഫണ്ടില്ലാതെ നടത്താനാകില്ലെന്ന് മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേള ചെലവ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയും ചലച്ചിത്ര അക്കാദമി പ്രതിനിധികളും തമ്മില്‍ നടത്തിയ കൂടികാഴ്ചയിലാണ് തീരുമാനമുണ്ടായത്. കോടികളുടെ ചെലവ് വരുന്ന മേളയുടെ നടത്തിപ്പിന് ഒരു രൂപപോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കില്ലെന്നും മുഖ്യമന്ത്രി കൂടിയ യോഗത്തില്‍ നിര്‍ദ്ദേശമുണ്ട്.

അതേസമയം സര്‍ക്കാറിന്റെ ധനസഹായമില്ലാതെ ചലച്ചിത്ര മേള നടത്താനാകില്ലെന്ന് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. മേള നടത്താന്‍ മൂന്നുകോടി രൂപയെങ്കിലും ചിലവുവരുമെന്നും പ്ലാന്‍ ഫണ്ടില്‍ നിന്നും തുക എടുക്കാനാവില്ലെങ്കില്‍ മേള നടത്താനാകില്ലെന്നുമാണ് ബാലന്‍ പറഞ്ഞത്.

ചെലവു ചുരുക്കി ചലച്ചിത്രമേള നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് മേള നടത്താനാകില്ലെന്നു പറഞ്ഞ് സാംസ്‌കാരിക മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. രണ്ടുകോടി രൂപ ഡെലിഗേറ്റ് പാസുവഴി ശേഖരിക്കാനാകുമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ ഒരുകോടി എങ്കിലും പ്ലാന്‍ ഫണ്ടില്‍ നിന്ന് എടുക്കേണ്ടിവരുമെന്നും അത് ലഭിച്ചില്ലെങ്കില്‍ മേള നടത്താനാവില്ലെന്നുമാണ് സാംസ്‌കാരിക മന്ത്രി പറയുന്നത്.

സര്‍ക്കാര്‍ ഫണ്ടില്ലാതെ മേള നടത്താമെന്നാണ് മുഖ്യമന്ത്രി ചലച്ചിത്ര അക്കാദമിയെ അറിയിച്ചത്. ഇതിനുള്ള ഫണ്ട് അക്കാദമി കണ്ടെത്തണമെന്നുമാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഉദ്ഘാടന ചടങ്ങിന്റെയും സമാപന സമ്മേളനത്തിന്റെയും പകിട്ട് കുറയ്ക്കണമെന്നും സമാപന ചടങ്ങ് പുരസ്‌കാര വിതരണം മാത്രമാക്കി ചുരുക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൂടാതെ മേളയുടെ ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ 650 ആയിരുന്ന ഫീസ് ഇത്തവണ 1,500 എങ്കിലും ആക്കണമെന്നാണ് നിര്‍ദേശം. വിദ്യാര്‍ഥികളുടെ ഫീസ് ഇനത്തിലും വര്‍ധനവുണ്ടാകുമെന്നാണ് സൂചന. മേളയുമായി ബന്ധപ്പെട്ട മറ്റെല്ലാ പകിട്ടുകളും കുറയ്ക്കണമെന്നും വിദേശജൂറികളുടെ എണ്ണം കുറക്കണമെന്നും നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.