അവര്‍ഡ് വിനായകന് നല്‍കിയതുകൊണ്ടാണ് സൂപ്പര്‍താരങ്ങള്‍ പങ്കെടുക്കാതിരുന്നതെന്ന് മന്ത്രി ഏ.കെ ബാലന്‍; അതേ വേദിയില്‍ മറുപടിയുമായി ജോയ് മാത്യു

പാലക്കാട്: ഒരേ വേദിയില്‍ വിമര്‍ശനവും മറുപടിയുമായി മന്ത്രി ഏ.കെ ബാലനും സംവിധായകന്‍ ജോയ് മാത്യുവും. വിനായകന് മികച്ച നടനുള്ള പുരസ്‌കാരം നല്കുമ്പോള്‍ വേദി പങ്കിടാന്‍ മടിച്ചവരാണ് സിനിമാ താരങ്ങളെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. പാലക്കാട് ചിറ്റൂരില്‍ കൈരളി,ശ്രീ തിയ്യറ്ററുകളുടെ ഉദ്ഘാടന വേദിയിലാണ് സൂപ്പര്‍താരങ്ങള്‍ക്കെതിരെ മന്ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്.

എന്നാല്‍ ക്ഷണിക്കാത്തത് കൊണ്ട് മാത്രമാണ് താന്‍ വിനായകന്റെ പരിപാടിക്ക് പോകാത്തതെന്നും പുരസ്‌കാരസമ്മാന ചടങ്ങില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് പാര്‍ട്ടി എം.പി.യും എം.എല്‍. എയുമായ നടന്മാരോടാണ് മന്ത്രി ആദ്യം ചോദിക്കേണ്ടതെന്നും ചടങ്ങില്‍ പങ്കെടുത്ത നടനും സംവിധായകനുമായ ജോയ് മാത്യു മന്ത്രിയ്ക്ക് മറുപടി നല്‍കി.

ഇതോടെ മറുപടിയുമായി മന്ത്രിയും രംഗത്തെത്തി. തങ്ങള്‍ ജോയ് മാത്യുവിനെ ക്ഷണിച്ചിരുന്നില്ലെന്നും ക്ഷണിച്ചിട്ട് വരാതിരുന്നവരെയാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു. നേരത്തെ, ചടങ്ങില്‍ പ്രമുഖതാരങ്ങള്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കേണ്ടത് അവാര്‍ഡ് ജേതാക്കള്‍ മാത്രമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.