പാലക്കാട്: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ സിപിഎം അനുകൂല കേന്ദ്രങ്ങള്‍ നടത്തിയ സൈബര്‍ ആക്രമണങ്ങളെ ന്യായീകരിച്ച് മന്ത്രി എ.കെ.ബാലന്‍. സൈബര്‍ ആക്രമണങ്ങള്‍ കണ്ട് പേടിക്കേണ്ടവരാണോ മാധ്യമപ്രവര്‍ത്തകരെന്നാണ് മന്ത്രിയുടെ ചോദ്യം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ കാര്യമാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സൈബര്‍ ലോകത്ത് ആക്രമണമുണ്ടായത്. മാധ്യമപ്രവര്‍ത്തകരെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലായിരുന്നു പല പ്രതികരണങ്ങളും.
വിഷയത്തെക്കുറിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയോട് ചോദ്യമുന്നയിച്ചെങ്കിലും ശ്രദ്ധയില്‍പ്പെട്ടില്ല എന്നതായിരുന്നു മറുപടി. എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനും സൈബര്‍ ആക്രമണങ്ങളെ ന്യായീകരിച്ച് നിലപാടെടുത്തിരുന്നു. അതേസമയം, മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, പൊലീസ് സൈബര്‍ ഡോം എന്നിവ അന്വേഷിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ പരാതിയിലാണ് തീരുമാനം.
മാധ്യമപ്രവര്‍ത്തകരെ വ്യക്തിഹത്യ നടത്തി സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിക്കുന്നതിന് എതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കഴിഞ്ഞദിവസം പരാതി നല്‍കിയിരുന്നു. മാധ്യമപ്രവര്‍ത്തകരെ വ്യക്തിഹത്യ നടത്തുന്ന സൈബര്‍ പോരാളികള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടിരുന്നു.