ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് പലിശ രഹിത മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ഇക്കാര്യം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനോട് അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എംബസികള്‍ വഴി പലിശ രഹിതമായ ചെറുവായ്പകള്‍ നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പഠിക്കുന്ന വലിയൊരു ശതമാനം വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ളവരാണ്. നിലവിലെ സാഹചര്യത്തില്‍ തിരിച്ചടവ് ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഇവരുടെ വായ്പാ തിരിച്ചടവിന് കുറഞ്ഞത് ഒരു വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കണം. ഇത്തരത്തില്‍ മോറട്ടോറിയം പ്രഖ്യാപിക്കുമ്പോള്‍ ഇക്കാലയളവിലെ തിരിച്ചടവിനുള്ള പലിശ എഴുതിത്തള്ളുകയും വേണം. ഇന്ത്യയിലും വിദേശത്തും സമീപ ഭാവിയിലൊന്നും വലിയ തൊഴിലവസരങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല എന്ന സാഹചര്യം കൂടി മുന്നില്‍ കാണണമെന്ന് കത്തില്‍ എ കെ ആന്റണി ചൂണ്ടിക്കാണിക്കുന്നു.
വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും പാര്‍ട് ടൈം ജോലി ചെയ്താണ് പഠനവും ജീവിതവും മുന്നോട്ട് കൊണ്ടുപോകുന്നത്. നിലവിലെ സാഹചര്യത്തില്‍ ഈ വരുമാനം നിലച്ചിരിക്കുന്നു. മാത്രമല്ല വിദേശധനവിനിമയ നിരക്കും അവരില്‍ ആശങ്ക ഉയത്തുന്നതാണ്. അതുകൊണ്ടു തന്നെ വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ദൈനംദിന ചെലവിനായി അതാത് രാജ്യങ്ങളിലെ എംബസികള്‍ക്ക് വഴി പലിശ ഈടാക്കാത്ത ചെറിയ വായ്പകള്‍ ലഭ്യമാക്കണം എന്നാണ് എ കെ ആന്റണിയുടെ ആവശ്യം.