‘ക്രൂരതകള്‍ ചെയ്തിട്ടും പശ്ചാത്തപിക്കാത്ത ഏക പാര്‍ട്ടി കണ്ണൂരിലെ സി.പി.എമ്മാണ്’; ഏകെ. ആന്റണി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ ശുഹൈബിനെ കൊന്നവരെയല്ല കണ്ടെത്തേണ്ടത് കൊല്ലിച്ചവരെയും പിടികൂടണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഏ.കെ ആന്റണി. ശുഹൈബിന്റെ കുടുംബത്തെ സന്ദര്‍ശിച്ചപ്പോഴാണ് ആന്റണി തന്റെ നിലപാട് വ്യക്തമാക്കിയത്.

ശുഹൈബിന്റെ കൊലപാതകത്തില്‍ ഉന്നതരായ സി.പി.എം നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആന്റണി പറഞ്ഞു. നിലവില്‍ സംസ്ഥാന പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമായി തോന്നുന്നില്ല. ക്രൂരതകള്‍ ചെയ്തിട്ടും പശ്ചാത്തപിക്കാത്ത ഇന്ത്യയിലെ ഏക പാര്‍ട്ടി കണ്ണൂരിലെ സി.പി.എമ്മാണ്.

വികാരാവേശത്തില്‍ പലപ്പോഴും കൊലപാതകങ്ങള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍, ഈ കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഉന്നതങ്ങളില്‍ ഉള്‍പ്പെടെ കരുതിക്കൂട്ടി ഗൂഢാലോചന നടത്തി നടത്തിയ ആക്രമണമാണിത്. കക്ഷിരാഷ്ട്രീയ ജാതി മത വികാരങ്ങള്‍ക്ക് അതീതമായി കേരള സമൂഹം ഒന്നടങ്കം അപലപിച്ചതാണ് ഈ കൊലപാതകമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.