ശുഹൈബ് വധക്കേസ് സി.ബി.ഐക്ക്; ചരിത്രവിധിയെന്ന് ഏ.കെ ആന്റണി

ന്യൂഡല്‍ഹി: ശുഹൈബ് വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ആന്റണി പറഞ്ഞു.

വിധിയെ സ്വാഗതം ചെയ്യുക മാത്രമല്ല, ഇത് ചരിത്രപരമായ വിധിയാണെന്നും അദ്ദേഹം പറഞ്ഞു. കൊന്നവരെ മാത്രമല്ല, കൊല്ലിച്ചവരെ കൂടിനിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ശക്തമായ ശിക്ഷ നല്‍കണം. ഇതിലൂടെ കേരളത്തിലെ, കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം എന്നെന്നേക്കുമായി ഇല്ലാതാക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സി.പി.എം നേതാക്കളും രംഗത്തെത്തി. കേസ് സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് പി.ജയരാജന്‍ പറഞ്ഞു. സി.പി.എമ്മിന് ഒന്നും മറച്ചുവെക്കാനില്ല. ശുഹൈബ് വധം നടന്ന സമയത്തുതന്നെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ജയരാജന്‍ പറഞ്ഞു.

SHARE