വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ബി.ജെ.പി എംപിയുമായി കൂടിക്കാഴ്ച്ച; പ്രതികരണവുമായി അജിത് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരത്തിലേറിയ ത്രികക്ഷി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ബി.ജെ.പി എംപിയുമായി കൂടിക്കാഴ്ച്ച നടത്തി എന്‍സിപി നേതാവ് അജിത് പവാര്‍. ബി.ജെ.പി എംപി പ്രതാപ് ചിഖാലികറുമായി ഇന്ന് രാവിലെയാണ് അജിത് പവാര്‍ കൂടിക്കാഴ്ച്ച നടത്തിയത്. എന്നാല്‍ ഇതൊരു സാധാരണ കൂടിക്കാഴ്ച്ച ആണെന്നായിരുന്നു അജിത് പവാറിന്റെ പ്രതികരണം.

വിശ്വാസവോട്ടെടുപ്പിനെ കുറിച്ച് ഞങ്ങളൊന്നും ചര്‍ച്ച ചെയ്തില്ല. വിവിധ പാര്‍ട്ടികളിലാണെങ്കിലും ഞങ്ങളെല്ലാവരും സുഹൃത്തുക്കളാണ്. സഞ്ജയ് റാവത്ത് പറഞ്ഞതുപോലെ സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അജിത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ, ബിജെപിക്ക് പിന്തുണ അര്‍പ്പിച്ച് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ 80 മണിക്കൂറിനകം സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു.

അതേസമയം, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാണ് നിയമസഭയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടുന്നത്. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ പ്രത്യേകം യോഗം വിളിച്ചു ചേര്‍ക്കും. പ്രോ ടേം സ്പീക്കറായി എന്‍.സി.പി നേതാവ് ദിലീപ് വല്‍സെ പാട്ടീലിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ നിലവില്‍ 170 പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. ഭൂരിപക്ഷം തെളിയിക്കാന്‍ ഡിസംബര്‍ 3 വരെ ഗവര്‍ണര്‍ ത്രികക്ഷി സഖ്യത്തിന് സമയം നല്‍കിയിരുന്നു.

അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആരോപിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതായും വേണുഗോപാല്‍ പറഞ്ഞു. മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി വ്യാഴാഴ്ചയാണ് ശിവസേന പ്രസിഡന്റായ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് താക്കറെ അധികാരമേറ്റത്. മനോഹര്‍ ജോഷി, നാരായണ റാണെ എന്നിവര്‍ക്ക് ശേഷം ഈ പദം അലങ്കരിക്കുന്ന മൂന്നാമത്തെ ശിവസേന നേതാവാണ് ഉദ്ധവ്. മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.