അജിത് പവാറിനെ ബ്ലാക്ക്‌മെയില്‍ ചെയ്തു; തിരിച്ചുവരാന്‍ സാധ്യത; പിന്നിലാരെന്ന് വെളിപ്പെടുത്തുമെന്നും ശിവസേന

സര്‍ക്കാര്‍ രൂപീകരണത്തിന്റെ എല്ലാതരത്തിലുമുള്ള മാന്യതയേയും കുഴിച്ചുമൂടി അധികാരത്തിലേറിയ ബിജെപിക്കെതിരെ തുറന്നടിച്ച് ശിവസേന. ബിജെപി സഖ്യ സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ ബ്ലാക്ക്‌മെയില്‍ ചെയ്തതാമെന്നും അദ്ദേഹം തിരികെവരാനുള്ള സാധ്യത നിലനില്‍ക്കുന്നതായും ശിവസേന നേതാവ് സഞ്ജയ് റാവത്ത് മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഞങ്ങള്‍ എന്‍.സി.പിയുടെ ധനഞ്ജയ് മുണ്ടെയുമായി സംസാരിച്ചു. സഭയില്‍ വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെടുമ്പോള്‍ ബി.ജെ.പിക്ക് അവര്‍ക്കതിനു കഴിയില്ലെന്നും ഞങ്ങള്‍ സര്‍ക്കാരുണ്ടാക്കുക തന്നെചെയ്യുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അജിത്ത് പവാറിനെ ബ്ലാക്ക്‌മെയില്‍ ചെയ്തതാണ്. അജിത് പവാര്‍ തിരിച്ചുവരാനുള്ള സാധ്യത പോലും നിലനില്‍ക്കുന്നുണ്ട്.അജിത്തിനൊപ്പം പോയത് ചുരുക്കും എം.എല്‍.എമാര്‍ മാത്രമാണ്. അതില്‍ പകുതിപേരും തിരിച്ചെത്തി. അവരെ നുണ പറഞ്ഞ്, കാറിനുള്ളില്‍ക്കയറ്റി, തട്ടിക്കൊണ്ടുപോകുന്നതു പോലെയാണ് കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ നടന്നതും ആരെന്നുമുള്ള കാര്യങ്ങള്‍ പാര്‍ട്ടി മുഖപത്രമായ ‘സാമ്‌ന’യില്‍ വെളിപ്പെടുത്തുമെന്നും ശിവസേന നേതാവ് വ്യക്തമാക്കി.

SHARE