ഡച്ച് കപ്പ് അയാക്‌സിന്‌

റോട്ടർഡാം: ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ ടോട്ടനം ഹോട്‌സ്പറിനെ നേരിടാനൊരുങ്ങുന്ന ഡച്ച് ക്ലബ്ബ് അയാക്‌സിന് കരുത്തേകി ഡച്ച് കപ്പ് കിരീടം. ഞായറാഴ്ച നടന്ന ഫൈനലിൽ വില്ലം റ്റു ക്ലബ്ബിനെ എതിരില്ലാത്ത നാലു ഗോളിനാണ് എറിക് ടെൻ ഹാഗിന്റെ സംഘം വീഴ്ത്തിയത്. ഡാനി ബ്ലിന്റ്, ക്ലാസ് യാൻ ഹുണ്ടലാർ (രണ്ട്), റാസ്മസ് നിസ്സൻ എന്നിവർ ഗോളുകൾ നേടി.

https://twitter.com/AFCAjax/status/1125264193861693440

യുവേഫ ചാമ്പ്യൻസ് ലീഗിലടക്കം മിന്നും പ്രകടനം കാഴ്ചവെക്കുന്ന അയാക്‌സ് 2018-19 സീസണിൽ നേടുന്ന ആദ്യ കിരീടമാണിത്. ഡച്ച് ലീഗിൽ രണ്ട് മത്സരം കൂടി ശേഷിക്കെ പോയിന്റ് ടേബിളിൽ അയാക്‌സും പി.എസ്.വി ഐന്തോവനും ഒപ്പത്തിനൊപ്പമാണ്. ഇരു ക്ലബ്ബുകൾക്കും 80 പോയിന്റ് വീതമുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ അയാക്‌സ് ആണ് മുന്നിൽ. അയാക്‌സിന് ഉത്രെക്ട്, ഗ്രാഫ്ഷാംപ് ടീമുകളെയും പി.എസ്.വിക്ക് ഹെറാക്ലസ്, എ.ഇസഡ് ടീമുകളെയുമാണ് ഇനി നേരിടാനുള്ളത്.

ചാമ്പ്യൻസ് ലീഗ് സെമി ആദ്യപാദത്തിൽ ടോട്ടനം ഹോട്‌സ്പറിനെ അവരുടെ തട്ടകത്തിൽ ഒരു ഗോളിന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡച്ച് സംഘം. രണ്ടാം പാദം ബുധനാഴ്ച രാത്രി നടക്കും.