കരിപ്പൂരില്‍ നിന്ന് ഹജ്ജ് യാത്ര പുനഃസ്ഥാപിക്കും

തിരുവനന്തപുരം: കൊച്ചിയില്‍ ഹജ്ജ് ഹൗസ് നിര്‍മിക്കുന്നത് പരിഗണനയിലില്ലെന്നും കരിപ്പൂരില്‍നിന്ന് ഹജ്ജ് യാത്ര പുനഃസ്ഥാപിക്കണമെന്നാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും മന്ത്രി കെ.ടി ജലീല്‍. ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം കരിപ്പൂര്‍ ആക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.

സബ്‌സിഡി ഘട്ടംഘട്ടമായി കുറച്ച് 2022ഓടെ പൂര്‍ണമായി ഇല്ലാതാക്കണമെന്നും ഹജ്ജ് സീസണിലെ വര്‍ധിച്ച വിമാനക്കൂലി കുറക്കണമെന്നുമാണ് സുപ്രിംകോടതി നിര്‍ദേശിച്ചത്. എന്നാല്‍, ഹജ്ജ് സബ്‌സിഡി ഒറ്റയടിക്ക് പിന്‍വലിക്കുകയും വിമാനക്കൂലി കാര്യം അവഗണിക്കുകയുമാണ് കേന്ദ്രം ചെയ്തത്. സാധാരണ സീസണില്‍ കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് 30,000 രൂപവരെയാണ് വിമാനക്കൂലി. ഹജ്ജ് വേളയില്‍ 40,000 മുതല്‍ 45,000 രൂപ വരെയാണ് സ്വകാര്യവ്യക്തികളില്‍നിന്ന് ഈടാക്കുന്നത്. സര്‍ക്കാര്‍ ക്വാട്ടയില്‍ ഹജ്ജിന് പോകുന്നവരില്‍നിന്ന് 72,812 രൂപയാണ് കഴിഞ്ഞവര്‍ഷം വിമാനക്കൂലിയായി ഈടാക്കിയത്. ഇതില്‍ 10,750 രൂപ സബ്‌സിഡിയായി നല്‍കി. ഇത്രയും വലിയ വിമാനക്കൂലി നിശ്ചയിച്ചശേഷമാണ് സബ്‌സിഡി നല്‍കുന്നത്. മടക്കയാത്രയില്ലെന്ന് പറഞ്ഞാണ് വിമാനക്കമ്പനികള്‍ കൂലി കൂട്ടിയത്. ഹജ്ജ് യാത്രക്ക് ആഗോള ടെണ്ടര്‍ വിളിക്കുക വഴി പ്രശ്‌നം പരിഹരിക്കാമെന്നും ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും കാരാട്ട് റസാഖ്, എ.എന്‍ ഷംസീര്‍, കെ.വി അബ്ദുല്‍ ഖാദര്‍, പി.വി അന്‍വര്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി മന്ത്രി പറഞ്ഞു.

ഹജ്ജ് യാത്രക്കായി പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ടതായി പി. ഉബൈദുല്ലയുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. ജനസംഖ്യയുടെ അല്ല, അപേക്ഷകരുടെ അടിസ്ഥാനത്തില്‍ ക്വാട്ട നിശ്ചയിക്കണമെന്ന ആവശ്യമാണ് കേരളം ഉന്നയിക്കുന്നതെന്ന് എന്‍. ഷംസുദ്ദീനെ മന്ത്രി അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ പുനരുദ്ധാരണ പ്രവൃത്തിയുടെ പേരിലാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ മാറ്റിയത്. പ്രവൃത്തി പൂര്‍ത്തികരിച്ചത് ചൂണ്ടിക്കാട്ടി വിമാനത്താവള ഡയരക്ടര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. അധികം വൈകാതെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

അഞ്ചാംതവണ അപേക്ഷിക്കുന്നവര്‍ക്കും 70 വയസ് കഴിഞ്ഞവര്‍ക്കും മുന്‍ഗണന വേണമെന്ന ആവശ്യം ആദ്യം കേന്ദ്രം നിരാകരിച്ചിരുന്നു. എന്നാല്‍ 70 വയസ് കഴിഞ്ഞവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കേണ്ടെന്ന് കേന്ദ്രം പിന്നീട് തിരുത്തി. അഞ്ചാംതവണ അപേക്ഷിച്ചവര്‍ക്ക് മുന്‍ഗണന നല്‍കാത്തതിനെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് വിചാരണ വേളയില്‍ 65നും 75നും ഇടക്കുള്ള അപേക്ഷകരുടെ എണ്ണം കോടതി തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

SHARE