കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നീട്ടി

ന്യൂഡല്‍ഹി: എയര്‍സെല്‍ – മാക്‌സിസ് കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ജൂലായ് 10 വരെ നീട്ടി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സൈനിയുടേതാണ് ഉത്തരവ്. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കാര്‍ത്തിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

2006ല്‍ ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ എയര്‍സെല്‍ മാക്‌സിന് ഇടപാടിനായി വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ അനുമതി വാങ്ങിനല്‍കിയതിന് കീര്‍ത്തി കോഴ വാങ്ങിയെന്നാണ് കേസ്. മുന്‍കൂര്‍ജാമ്യത്തിനായി കാര്‍ത്തി നല്‍കിയ അപേക്ഷയില്‍ വാദംകേള്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. സമാനമായ കേസ് ജൂലൈ രണ്ടിനാണ് സുപ്രീംകോടതി വിചാരണക്കെടുക്കുന്നതെന്നും അതിനാല്‍ അതുവരെ അപേക്ഷ പരിഗണിക്കരുതെന്നുമാണ് ഇ ഡിയുടെ ആവശ്യം.