എയര്‍ബസ് എ 350-1000 ദോഹയില്‍ അവതരിപ്പിച്ചു; ആദ്യ വിമാനം ഫെബ്രുവരി ഇരുപതിനകം ഖത്തറിന് ലഭിക്കും

ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത എയര്‍ബസിന്റെ വലിപ്പമേറിയ വകഭേദമായ എയര്‍ക്രാഫ്റ്റ് എ 350-1000 ഖത്തറില്‍ അവതരിപ്പിച്ചു. ഇന്നലെ രാവിലെ ദോഹ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെസ്റ്റ് എയര്‍ക്രാഫ്റ്റിന് ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചത്. ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ അക്ബര്‍ അല്‍ബാകിര്‍, ഖത്തറിലെ ഫ്രഞ്ച്് അംബാസഡര്‍ എറിക് ഷെവലിയര്‍, ജര്‍മന്‍ അംബാസഡര്‍, ഹാന്‍സ്് ഉഡോ മുസെല്‍, ബ്രിട്ടീഷ് അംബാസഡര്‍ അജയ് ശര്‍മ്മ, ഹമദ് വിമാനത്താവളം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ബാദര്‍ അല്‍മീര്‍, ഖത്തര്‍ എയര്‍വേയ്‌സ് ഫ്‌ളൈറ്റ് ഓപ്പറേഷന്‍സ്, ക്യാബിന്‍ സര്‍വീസസ്, ടെക്‌നിക്കല്‍, കോര്‍പ്പറേറ്റ് പ്ലാനിങ് വിഭാഗങ്ങളിലെ മുതിര്‍ന്ന അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലാണ് എയര്‍ക്രാഫ്റ്റ് ദോഹയിലേക്ക് പറന്നിറങ്ങിയത്. ദോഹ കോര്‍ണീഷിലൂടെ ചുറ്റിയാണ് രാജ്യാന്തര ടൂറിന് തുടക്കംകുറിച്ചത്.
എയര്‍ബസ് അവതരണ ടൂറിന്റെ ആദ്യ സ്‌റ്റോപ്പായിരുന്നു ദോഹ. മിഡില്‍ഈസ്റ്റ്, ഏഷ്യ പസഫിക്കിലെ പന്ത്രണ്ട് സ്ഥലങ്ങളില്‍ എയര്‍ബസ് എയര്‍ക്രാഫ്റ്റ് സന്ദര്‍ശനം നടത്തും. ദോഹയില്‍ നിന്നും ഒമാനിലേക്കു പോകുന്ന എയര്‍ക്രാഫ്റ്റ് സിംഗപ്പൂര്‍ എയര്‍ഷോയിലും പങ്കെടുക്കും. ആഗോള ടൂറിന്റെ ആദ്യ സ്‌റ്റോപ്പായി ദോഹയിലെത്താനായതില്‍ സന്തോഷമുണ്ടെന്ന് എയര്‍ബസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറും കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റ് പ്രസിഡന്റുമായ ഫാബ്രിസ് ബ്രഗീര്‍ പറഞ്ഞു. അതേസമയം ഖത്തര്‍ എയര്‍വേയ്‌സിന് ആദ്യ എയര്‍ബസ് എ350 1000 ജെറ്റ് വിമാനം അടുത്ത മാസം ലഭിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 15നും 20നും ഇടയിലായി വിമാനം ലഭിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബര്‍ അല്‍ബാകിര്‍ വ്യക്തമാക്കി. യൂറോപ്പിലെ ഏറ്റവും വലിയ ഇരട്ട എന്‍ജിന്‍ യാത്രാ വിമാനം മുന്‍നിശ്ചയ പ്രകാരം 2017ലായിരുന്നു ഖത്തറിന് ലഭിക്കേണ്ടിയിരുന്നത്. ബിസിനസ് ക്ലാസ് സീറ്റുകളില്‍ മാറ്റം വരുത്തുന്നതിലെ കാലതാമസമാണ് വൈകാനിടയാക്കിയത്. പുതിയ വിമാനം സ്വീകരിക്കുന്നതിന് തങ്ങള്‍ സജ്ജമായിട്ടുണ്ടെന്നും അടുത്ത മാസം 15 മുതല്‍ 20 വരെയുള്ള തീയതികളില്‍ ലഭിക്കുമെന്നും അക്ബര്‍ അല്‍ബാകിര്‍ പറഞ്ഞു. പരീക്ഷണത്തിനും ദോഹയിലെ അവതരണത്തിനുമായി എത്തിച്ച എ350 1000 ജെറ്റിലിരുന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്. എ350 1000 ഇനത്തില്‍ പെട്ട 37 വിമാനങ്ങളാണ് ഖത്തര്‍ എയര്‍വേയ്‌സ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. പുതിയ എയര്‍ക്രാഫ്റ്റുകള്‍ ഏറ്റവുമധികം വാങ്ങുന്ന എയര്‍ലൈനുകളിലൊന്നാണ് ഖത്തര്‍ എയര്‍വേയ്‌സ്. ഏറെ ആവശ്യമുള്ള ഉപഭോക്താവെന്ന നിലയിലാണ് ഈ രംഗത്ത് ഖത്തര്‍ എയര്‍വേയ്‌സിന്റെ സ്ഥാനം. ഖത്തര്‍ എയര്‍വേയ്‌സിന്റെ നൂതന സംരംഭമായ ക്യു സ്യൂട്ട് ബിസിനസ് ക്ലാസ് ആണ് ഇതില്‍ ഘടിപ്പിക്കുന്നത്. വിമാനയാത്രയെ തന്നെ മാറ്റിമറിക്കുന്നതാണ് ഖത്തര്‍ എയര്‍വേയ്‌സിനു വേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്ത ക്യു സ്യൂട്ട്. ബിസിനസ് ക്ലാസില്‍ ആദ്യമായി ‘ഡബിള്‍ ബെഡ്’ സൗകര്യം ലഭ്യമാകുന്നുവെന്നതാണ് ക്യുസ്യൂട്ടിന്റെ പ്രധാന പ്രത്യേകത. യാത്രക്കാര്‍ക്ക് അവരുടെ സ്വകാര്യത പൂര്‍ണമായും സൂക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണു സീറ്റുകളുടെ ക്രമീകരണം. സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കെല്ലാം ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചോ, വര്‍ത്തമാനം പറഞ്ഞോ യാത്ര ചെയ്യാന്‍ സാധിക്കും. ടിവി മോണിറ്ററുകള്‍ ആവശ്യത്തിന് അനുസരിച്ച് ക്രമീകരിക്കുകയും ചെയ്യാം. ബിസിനസ് ക്ലാസ് കാബിനില്‍ ഉന്നത നിലവാരത്തിലും വൈവിധ്യമാര്‍ന്നതുമായ ഫസ്റ്റ് ക്ലാസ് അനുഭവം ലഭ്യമാകുന്ന തരത്തിലാണ് ക്യു സ്യൂട്ടിന്റെ രൂപകല്‍പ്പന.
ക്യൂ സ്യൂട്ട് ലോകത്ത് ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ്. എയര്‍ബസ് വിമാനങ്ങളില്‍ എ3501000ലാണ് ക്യു സ്യൂട്ട് ആദ്യമായി ഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തര്‍ എയര്‍വേയ്‌സ് ബോയിംഗ് 777 ജെറ്റുകളില്‍ ഇത് ഘടിപ്പിച്ചിരുന്നു. ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികള്‍ക്കുമുന്നിലായിരുന്നു ഏറ്റവും അത്യാധുനികമായ വിമാനം പറന്നിറങ്ങിയത്.
ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ എയര്‍ക്രാഫ്റ്റിന്റെ ലാന്‍ഡിങ് എത്രത്തോളം സുഗമമാണെന്ന് പരിശോധിക്കുന്നതിനും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന്റെയും ഭാഗമായിട്ടായിരുന്നു പരീക്ഷണപറക്കല്‍ നടത്തിയത്. റണ്‍വേയുടെ ക്രമീകരണങ്ങളും വിലയിരുത്തിയിരുന്നു.
എയര്‍ബസ് എ350 എക്‌സ്ഡബ്യുബി പോലെയുള്ള അത്യാധുനിക എയര്‍ക്രാഫ്റ്റുകളെ ഉള്‍പ്പെടുത്തുന്നതിനായാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിച്ചത്.

SHARE