കോവിഡ് വായുവിലൂടെ പകരാം; മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് സിഎസ്‌ഐആര്‍

ന്യൂഡല്‍ഹി: കോവിഡ് വൈറസുകള്‍ വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിനു പിന്നാലെ പൊതുസ്ഥലങ്ങളില്‍ മാത്രമല്ല അടച്ചിട്ട മുറികളിലും മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവുമായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച് (സിഎസ്‌ഐആര്‍). വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ചെറു കണികകളിലൂടെ വ്യാപിച്ചേക്കാമെന്നും സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡെ പറഞ്ഞു.

സാര്‍സ് കോവ് 2 വൈറസ് എയര്‍ബോണ്‍ അല്ലെന്നായിരുന്നു നേരത്തെ ഡബ്ല്യൂഎച്ച്ഓയുടെ വാദം. എന്നാല്‍ രോഗിയില്‍ നിന്നും പുറത്തുവന്ന ചെറു കണികകളിലെ വൈറസുകള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുകയും അവ വായുവിവൂടെ മറ്റുള്ളവരിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് പുതിയ പഠനം.

നിരവധി ആരോഗ്യ വിദഗ്ധര്‍ നടത്തിയ തുടരന്വേഷണങ്ങളുടെ ഭാഗമായി കണ്ടെ്ത്തിയ പുതിയ വിവരമാണ് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയത്. രോഗം ബാധിച്ച ഒരാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ തെറിക്കുന്ന സ്രവങ്ങളിലൂടെ മാത്രമാണ് വൈറസ് പകരുന്നതെന്നാണ് ഇതുവരെ കരുതിയിരുന്നത്. 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞർ അടങ്ങിയ സംഘമാണ് വൈറസ് വായുവിലൂടെ പകരാൻ സാധ്യത ഉണ്ടെന്ന് ലോകാരോഗ്യ സംഘടനയെ അറിയിച്ചത്. വൈറസ് അടങ്ങുന്ന കണങ്ങള്‍ക്ക് ഒരു മണിക്കൂറിലധികം വായുവില്‍ തങ്ങിനിന്ന് രോഗം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.

വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളേക്കാള്‍ തുറന്നയിടങ്ങള്‍ തെരഞ്ഞെടുക്കുക. ജോലിസ്ഥലങ്ങളിലും കൂടുതല്‍ ഇടപഴകുന്ന സ്ഥലങ്ങളിലും മതിയായ വായുസഞ്ചാരം ഉണ്ടെന്നു ഉറപ്പു വരുത്തുക. എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കുക, ധരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുക തുടങ്ങിയവ വായുവിലൂടെയുള്ള വൈറസ് വ്യാപനം തടയാനുള്ള വഴികളാണ്.

പൊതു ഇടങ്ങളില്‍, പ്രത്യേകിച്ച് തിരക്കുള്ളതും അടച്ചിട്ടതും വായുസഞ്ചാരം ഇല്ലാത്തതുമായ സ്ഥലങ്ങളിലാണ് പകര്‍ച്ചാസാധ്യത കൂടുതല്‍. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും ശേഖര്‍ മാണ്ഡെ പറഞ്ഞു.

SHARE