വുഹാനില്‍ നിന്ന് എയര്‍ഇന്ത്യ വിമാനം ഡല്‍ഹിയില്‍ എത്തി; 42 മലയാളികള്‍ ഉള്‍പ്പെടെ 324 യാത്രക്കാര്‍

ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡല്‍ഹിയില്‍ എത്തി. ആകെ 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു ഡല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചു ഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍ നിന്ന് വിമാനം പുറപ്പെട്ടത്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലേക്കാണ് ബോയിങ് 747 വിമാനം പുറപ്പെട്ടത്. ഇവിടെ കുടുങ്ങിയ ഇന്ത്യക്കാരെ മടക്കിയെത്തിക്കാനുള്ള ദൗത്യവുമായാണ് പുറപ്പെട്ടത്. ബോര്‍ഡിങ് നടപടികള്‍ രാത്രി 11 മണിയോടെ പൂര്‍ത്തിയാക്കി വിമാനം ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു. ചൈനീസ് അധികൃതര്‍ പരിശോധന നടത്തി കൊറോണ വൈറസ് ബാധയില്ലെന്ന് ഉറപ്പാക്കിയവരെയാണ് തിരികെ എത്തിച്ചിരിക്കുന്നത്. ഹരിയാനയിലെ മനേസറില്‍ ഇവര്‍ക്കായി ആര്‍മി പ്രത്യേക നിരീക്ഷണകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വുഹാനില്‍ നിന്ന് എത്തിയവരെ രണ്ടാഴ്ചയോളം മനേസറിലെ നിരീക്ഷണ കേന്ദ്രത്തില്‍ താമസിപ്പിക്കും. കൊറോണ വൈറസ് ബാധ ആര്‍ക്കെങ്കിലും സ്ഥിരീകരിച്ചാല്‍ ഡല്‍ഹി കന്റോണ്‍മെന്റ് ബേസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും.

SHARE