എയര്‍ ഇന്ത്യ ആഭ്യന്തര ബുക്കിങ്ങുകള്‍ മെയ് നാല് മുതല്‍ ആരംഭിക്കും

ന്യൂഡല്‍ഹി: രാജ്യ്‌ത്തെ അടച്ചുപൂട്ടല്‍ മെയ് മൂന്നിന് അവസാനിക്കുന്നതോടെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. മെയ് നാല് മുതല്‍ ആഭ്യന്തര ബുക്കിങ്ങുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. അന്താരാഷ്ട്ര സര്‍വീസുകള്‍ ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ പറയുന്നത്.

മാര്‍ച്ച് 25-ന് ആരംഭിച്ച രാജ്യവ്യാപക അടച്ചുപൂട്ടലിനെ തുടര്‍ന്നാണ് ആഭ്യന്തര, അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. പിന്നീട് ഏപ്രില്‍ 14-ന് ലോക്ക്ഡൗണ്‍ മേയ് മൂന്നു വരെ നീട്ടിയ സാഹചര്യത്തില്‍ ആ മാസത്തെ വിമാന സര്‍വീസുകള്‍ നിര്‍ത്തലാത്തിയതായും ബുക്കിങ് വിവരം പിന്നീട് അറിയിക്കാമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുത്ത റൂട്ടുകളിലേയ്ക്കുള്ള ആഭ്യന്തര സര്‍വീസുകളുടെ ബുക്കിങ്ങുകളാണ് പുനഃരാരംഭിക്കുകയെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പില്‍ പറയുന്നത്. മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു എന്നിവയുള്‍പ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലേയ്ക്കുള്ള സര്‍വീസുകള്‍ക്കാണ് മേയ് നാലുമുതല്‍ ബുക്കിങ് ആരംഭിക്കുക.

മേയ് നാലു മുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കുമെന്ന് ഇന്‍ഡിഗോയും നേരത്തെ വ്യക്തമാക്കിയിരുന്നു.

SHARE