സ്വപ്‌ന കള്ളക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥനെ എയര്‍ ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പെട്ട സംഘം നല്‍കിയ വ്യാജപരാതിയില്‍ നിയമക്കുരുക്കില്‍പ്പെടുകയും ഹൈദരാബാദിലേക്കു സ്ഥലം മാറ്റുകയും ചെയ്ത എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ സിബുവിനെ സസ്‌പെന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളോട് സംസാരിച്ചു എന്നതിന്റെ പേരിലാണ് സസ്‌പെന്‍ഡ് ചെയ്തത്.

എയര്‍ ഇന്ത്യാ സാറ്റ്‌സില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളെ നിയമിച്ചത് സിബു എതിര്‍ത്തതോടെയാണ് ആ വ്യക്തിക്കു കീഴില്‍ ജോലി ചെയ്യുകയായിരുന്ന സ്വപ്ന സുരേഷിനെ ഉപയോഗിച്ച് സിബുവിനെ കുടുക്കാന്‍ ക്രിമിനല്‍ സംഘം തീരുമാനിച്ചത്. 2015 ജനുവരിയില്‍ എയര്‍ ഇന്ത്യ സാറ്റ്‌സിലെ 17 വനിതാ ജീവനക്കാരുടെ പേരില്‍ സിബുവിനെതിരെ വ്യാജ പീഡന പരാതി തിരുവനന്തപുരം വിമാനത്താവള ഡയറക്ടര്‍ക്ക് ലഭിച്ചിരുന്നു.

വനിതാ ജീവനക്കാരുടെ പരാതി പരിഗണിച്ച എയര്‍ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി തന്റെ വാദങ്ങള്‍ പരിഗണിക്കാതെ കുറ്റക്കാരനായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സിബു ക്രൈംബ്രാഞ്ചിനു പരാതി നല്‍കി. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണങ്ങളിലെല്ലാം കുറ്റക്കാരനല്ലെന്നു കണ്ടെത്തിയെങ്കിലും സ്ഥലം മാറ്റം പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തയാറായില്ല. ആദ്യം ജോലിയില്‍ പ്രവേശിക്കാന്‍ തയാറായില്ലെങ്കിലും പിന്നീട് കോടതി വിധിക്കുശേഷം 2018ല്‍ എയര്‍ ഇന്ത്യയുടെ ഹൈദരാബാദ് ഓഫിസില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന നിര്‍ദേശം സിബു അംഗീകരിക്കുകയായിരുന്നു.

സ്വപ്ന സുരേഷാണ് പാര്‍വ്വതി സാബു എന്ന പേരില്‍ നീതു മോഹന്‍ എന്ന പെണ്‍കുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരാക്കി തെറ്റായ മൊഴി കൊടുത്തതെന്ന് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍, സാറ്റില്‍ ജോലി ചെയ്യുന്ന വേളയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്ന തന്നെകൊണ്ട് വൈസ് പ്രസിഡന്റും ചിലരും ചേര്‍ന്ന് തെറ്റായ പല കാര്യങ്ങളും ചെയ്യിച്ചതായും മൊഴി നല്‍കി. 17 പെണ്‍കുട്ടികളുടേതായി തയാറാക്കിയ പരാതി ഡ്രാഫ്റ്റ് ചെയ്തത് സ്വപ്ന സുരേഷാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

SHARE