മാര്‍ച്ച് 18 മുതല്‍ യുറോപ്പില്‍ നിന്നും യു.കെയില്‍ നിന്നുമുള്ള സര്‍വീസുകളും എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചു

എയര്‍ ഇന്ത്യ യൂറോപ്പിലേക്കും യു.കെയിലേക്കും തിരിച്ച് യൂറോപ്പില്‍ നിന്നും യു.കെയില്‍ നിന്നും ഇന്ത്യയിലേക്കുമുള്ള എല്ലാ വിമാനങ്ങളും ബുധനാഴ്ച മുതല്‍ നിര്‍ത്തിവെക്കും. കൊറോണ വൈറസിന്റെ വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ യു.എ.ഇ,ഖത്തര്‍,ഒമാന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തിലിരിക്കമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പെട്ടെന്നുള്ള എയര്‍ ഇന്ത്യയുടെ തീരുമാനം യൂറോപ്പിലും യു.കെയിലുമായി പല സ്ഥാപനങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് പെരുവഴിയിലാക്കിയിരിക്കുന്നത്. മാര്‍ച്ച് അവസാനവാരത്തോട് കൂടി കോഴ്‌സുകള്‍ അവസാനിക്കുന്ന പല വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവില്‍ ഉണ്ടായിട്ടുള്ളത്.എയര്‍ ഇന്ത്യ സര്‍വീസുകള്‍ നാളെ മുതല്‍ നിര്‍ത്തിവെക്കുന്നു എന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ മാര്‍ച്ച് 18 മുതല്‍ നാട്ടിലേക്ക് ടിക്കറ്റെടുത്തവര്‍ അങ്കലാപ്പിലായിരിക്കുകയാണ്. ടിക്കറ്റിന്റെ തുക ഇതുവരെ തിരിച്ച് നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

SHARE