വിമാനയാത്രക്കിടെ ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി മരിച്ചു

വിമാനയാത്രക്കിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി യാത്രക്കാരന്‍ മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര്‍ സ്വദേശി തെയ്യമ്പാലി മുഹമ്മദ് സലീമാണ് റിയാദില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുന്നതിനിടെ മരിച്ചത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി അബൂദാബിയില്‍ ഇറക്കിയെങ്കിലും സലീമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

വിമാനം പറന്നുയര്‍ന്ന ഉടന്‍ സലീമിന് അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ജീവനക്കാര്‍ പ്രാഥമിക ശ്രുശ്രൂഷ നല്‍കിയാണ് അബൂദാബി വിമാനത്താവളത്തിലിറക്കിയത്. മഫ്‌റഖ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും സലീം മരണത്തിന് കീഴടങ്ങി. റിയാദില്‍ നിന്ന് ഉച്ചക്ക് 1.15ന് പുറപ്പെട്ട കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരന്‍ ആയിരുന്നു സലീം.
റിയാദില്‍ 14 വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു സലീം. ഒരാഴ്ച മുമ്പ് ജോലിക്കിടയില്‍ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നായിരുന്നു നാട്ടിലേക്കുള്ള മടക്കം. മൃതദേഹം നാട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കും.