എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയിലെ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് പേരും മുംബൈയില്‍ നിന്നുള്ളവരാണ്. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പ്രീഫ്‌ളൈറ്റ് കോവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം കണ്ടെത്താനായത്. അതേസമയം, ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലായിരുന്നുവെന്നത് ആശങ്കപ്പെടുത്തുന്നുണ്ട്.

ഇവര്‍ ചൈനയിലേക്ക് അടുത്തിടെ ചരക്കു വിമാനങ്ങള്‍ പറത്തിയിരുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു. മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായിട്ടായിരുന്നു സര്‍വീസ് നടത്തിയത്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശ പ്രകാരം പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും യാത്രക്കും മുമ്പും ശേഷവും കര്‍ശന ആരോഗ്യ പരിശോധനക്ക് വിധേയരാക്കുന്നുണ്ട്. യാത്ര അവസാനിച്ചതിന് ശേഷം പരിശോധന നടത്തി ഫലം നെഗറ്റീവായാല്‍ മാത്രമേ ഇവരെ താമസസ്ഥലങ്ങളിലേക്ക് വിടാറുള്ളൂ.

ഫലം വരുന്നത് വരെ 24 മുതല്‍ 48 മണിക്കൂര്‍ വരെ ഹോട്ടലുകളിലാണ് പൈലറ്റുമാരേയും ക്രൂ അംഗങ്ങളേയും താമസിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ വീണ്ടും കോവിഡ് പരിശോധന നടത്തും. ഇത് നെഗറ്റീവാകുകയും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും രോഗമില്ലാതിരിക്കുകയും ചെയ്താല്‍ മാത്രമേ അടുത്ത ഡ്യൂട്ടിക്ക് ഇവരെ നിയോഗിക്കുകയുള്ളൂ.

SHARE