പൈലറ്റിന് കോവിഡ്; വന്ദേഭാരത് മിഷന്‍ എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ചു

ന്യൂഡല്‍ഹി: പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ വന്ദേഭാരത് മിഷനില്‍ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി പുറപ്പെട്ട എയര്‍ ഇന്ത്യവിമാനം തിരിച്ചുവിളിച്ചു. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലേക്ക് യാത്ര പുറപ്പെട്ട എയര്‍ ഇന്ത്യവിമാനമാണ് തിരിച്ചുവിളിച്ചത്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മോസ്‌കോയിലേക്ക് പുറപ്പെട്ട വിമാനത്തിലെ പൈലറ്റിന്റെ കോവിഡ് ഫലം പുറത്തുവന്നതോടെ റഷ്യയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഉസ്ബക്കിസ്ഥാന്‍ വ്യോമമേഖലയില്‍ നിന്നും തിരിച്ചുവിളിച്ചത്.

ന്യൂഡല്‍ഹിയില്‍ നിന്നു മോസ്‌കോയിലേക്ക് പുറപ്പെട്ടതിനുശേഷമാണ് പൈലറ്റിന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. അതേസമയം, പൈലറ്റിന്റെ കോവിഡ് പരിശോധന നേരത്തെ നടത്താത്തതിനെ ചൊല്ലിയും ലഭിച്ച കോവിഡ് ഫലം ചൊല്ലിയും വിവാദങ്ങള്‍ ഉയരുന്നുണ്ട്. ക്രൂ അംഗങ്ങളെല്ലാതെ വിമാനത്തില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ഇവരെ ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും വിമാനത്തില്‍ അണുനശീകരണം നടത്തിയതായുമാണ് വിവരം.