അപകടം വരുത്തിയതും വന്‍ ദുരന്തം ഒഴുവാക്കിയതും അതിതീവ്ര മഴ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയിലുണ്ടായ എയര്‍ ഇന്ത്യ വിമാനപകടത്തിനും വന്‍ ദുരന്തം ഒഴുവാക്കിയതും കനത്ത മഴയെന്ന് സൂചന. വിമാനത്താവളത്തില്‍ ലാന്റ് ചെയ്ത വിമാനം റെണ്‍വേയില്‍നിന്നും തെന്നിമാറിയുണ്ടായ അപകടത്തിനിടയാക്കിയത് കനത്ത മഴയെന്നാണ് സൂചന. സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നെന്നാണ് വിമാനത്താവളത്തിന്റെ സമീപവാസികള്‍ വ്യക്തമാക്കുന്നത്.

അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ എക്സ്പ്രസ് വിമാന 4.45ന് ദുബായിയില്‍ നിന്നും പുറപ്പെട്ടത്. 7.40 ഓടെ കരിപ്പൂരിലെത്തേണ്ട 1344 എയര്‍ ഇന്ത്യ ദുബായ്-കോഴിക്കോട് വിമാനം ലാന്‍ഡിങിന് ശ്രമിക്കുന്നതിനിടെ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു. ഇതിനിടെ വീണ്ടും ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ റെണ്‍വേയില്‍ നിന്നും തെന്നിമാറി താഴേക്ക് പതിക്കുകയായിരുന്നു. കനത്ത മഴയും ടേബിള്‍ ടോപ്പ് റണ്‍വേ ആയതിനാല്‍ പൈലറ്റിന് വിമാനം നിയന്ത്രിക്കാനായില്ലെന്നാണ് സൂചന.

സംഭവ സമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. ലാന്‍ഡിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വിമാനം രണ്ടായി പിളര്‍ന്നിരുന്നു. കോക്ക്പിറ്റ് മുതല്‍ ആദ്യത്തെ വാതില്‍ വരെയുള്ള മുന്‍ഭാഗമാണ് പൂര്‍ണമായും തകര്‍ന്നത്. 35 അടി താഴ്ചയിലേക്ക് തെന്നിയ വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നിട്ടും തീ പിടിക്കാതിരുന്നത് വന്‍ ദുരന്തമാണ് ഒഴുവാക്കിയത്. അതിതീവ്ര മഴയില്‍ വലിയ തീപ്പൊരികള്‍ വരാഞ്ഞതാണ് ഇതിന് കാരണമെന്നാണ് സൂചന. കനത്ത മഴയില്‍ അപകട സമയത്ത് വലിയ ശബ്ദമൊന്നും കേട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ക്യാപ്റ്റന്‍ ദീപക് വി സാത്തേയും ക്യാപ്റ്റന്‍ അഖിലേഷ് കുമാറും പറത്തിയ വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേക്കും ഫസ്റ്റ് ഓഫീസര്‍ ക്യാപ്റ്റന്‍ അഖിലേഷ് കുമാറിനും ജീവന്‍ നഷ്ടമായി. നിരവധി യാത്രക്കാര്‍ക്ക് ഗുരുതര പരിക്കുകളേറ്റിട്ടുണ്ട്. 189 പേരാണ് വിമാനത്തില്‍ യാത്രക്കാരായി ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് ജീവനക്കാരും വിമാനത്തിലുണ്ട്. യാത്രക്കാരില്‍ പത്ത് കുട്ടികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ഇതുവരെ 20 പേരാണ് മരണപ്പെട്ടത്.

കനത്തമഴയിലും അപകട വിവരമറിഞ്ഞ് നൂറുകണക്കിനു പേര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിമാനത്താവളത്തിലേക്ക് കുതിച്ചെത്തിയത്. പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. ആംബുലന്‍സുകളുടെ അഭാവമായിരുന്നു ആദ്യം രക്ഷാപ്രവര്‍ത്തകരെ കുഴക്കിയത്. ലഭ്യമായ വാഹനങ്ങളുമായി വിമാനത്താവളത്തിലേക്കെത്താന്‍ ഇതോടെ അധികൃതര്‍ സമീപവാസികളോട് അഭ്യര്‍ഥിച്ചു. പിന്നാലെ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്ന് 108 ആംബുലന്‍സുകള്‍ അടക്കമുള്ളവയെല്ലാം വിമാനത്താവളത്തിലേക്കെത്തി. സമീപ ജില്ലകളില്‍നിന്ന് അഗ്‌നിശമന സേനാ യൂണിറ്റുകളും അപകട സ്ഥലത്തേക്ക് കുതിച്ചു. വിമാനത്താവളത്തിന്റെ പ്രധാന ഗേറ്റിലൂടെയും അപകടത്തില്‍പ്പെട്ട വിമാനം പതിച്ച വിമാനത്താവളത്തിന്റെ പിന്‍ഭാഗത്തുകൂടെയും ആംബുലന്‍സുകള്‍ എത്തിയാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രികളിലേക്ക് കൊണ്ടുപോയത്. പരിക്കേറ്റവരെയെല്ലാം അതിവേഗം ആശുപത്രിയിലേക്ക് അയയ്ക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.