ടെറസിന് മുകളില്‍ നിന്ന് ചാടി എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്തു; ദുരൂഹതയെന്ന് ബന്ധുക്കള്‍

ന്യൂഡല്‍ഹി: ടെറസിന് മുകളില്‍ നിന്ന് ചാടി എയര്‍ഹോസ്റ്റസ് ആത്മഹത്യ ചെയ്തു. 39കാരിയായ അനീസിയ ബത്രയാണ് ഡല്‍ഹി ഹൌസ്ഗാസിലെ വീടിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ലുഫ്താന്‍സ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസ് ആയി ജോലി ചെയ്യുകയായിരുന്നു അനീസിയ. അതിനിടെ, സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി.

ദിവസങ്ങള്‍ക്ക് മുമ്പ് അനീസിയയുടെ ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ പിതാവും റിട്ടയേര്‍ഡ് ജനറലുമായ ആര്‍.എസ് ദത്ത പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം ചോദിച്ച് മകളെ പീഡിപ്പിക്കുന്നതായാണ് പരാതി. ഈ പരാതിയില്‍ കേസെടുത്തിരുന്നതായും വീട്ടുകാരെ ചോദ്യം ചെയ്ത് വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു. രണ്ട് വര്‍ഷം മുമ്പ് വിവാഹിതയായ അനീസിയ ഭര്‍ത്താവിനൊപ്പം ഹൌസ്ഗാസിലെ വീട്ടിലാണ് സ്ഥിരതാമസമാക്കിയിരുന്നത്.

ഭര്‍ത്താവ് മുറിയില്‍ പൂട്ടിയിട്ടതായും പൊലീസിനെ വിളിക്കണമെന്നും ആവശ്യപ്പെട്ട് മരിക്കുന്നതിന് മുമ്പ് അനീസിയ തനിക്ക് മെസേജ് അയച്ചതായി സഹോദരന്‍ കരണ്‍ ബത്ര പറഞ്ഞു. സംഭവം നടന്ന സ്ഥലം സീല്‍ ചെയ്തതായാണ് പൊലീസ് പറയുന്നത്. എന്നാല്‍ അവളുടെ ഭര്‍ത്താവ് മയങ്ക് തന്റെ കയ്യിലുള്ള സ്‌പെയര്‍ കീ ഉപയോഗിച്ച് അകത്ത് കടന്ന് തെളിവുകള്‍ നശിപ്പിച്ചതായി കരണ്‍ ആരോപിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാവശ്യമായ നടപടികളില്‍ പൊലീസ് വീഴ്ച വരുത്തുന്നതായും സഹോദരന്‍ കുറ്റപ്പെടുത്തി.

SHARE