വിമാനമിറങ്ങി; രാജ്യത്തെ വലിയ സ്റ്റേഡിയത്തില്‍ ട്രംപ് ഷോയ്ക്ക് തുടക്കം

അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി.

ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കുന്നുണ്ട്. ഇന്ന് കാലത്ത് 11.40നാണ് ട്രംപിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഗുജറാത്തിലെ അഹമ്മദാബാദില്‍ സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.

ട്രംപിന് ആത്യാവശ്യ സുരക്ഷയൊരുക്കുന്നത് അമേരിക്കതന്നെയാണ്. സുരക്ഷാ യാത്രാസാമഗ്രികളുമായി ആറു ചരക്കുവിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി എത്തിയിരുന്നു. അത്യാധുനിക സുരക്ഷയുള്ള ‘ബീസ്റ്റ്’ എന്ന കാഡിലാക് വണ്‍ ലിമോസിന്‍ കാര്‍ ട്രംപിന് യാത്ര ചെയ്യാനായി എത്തിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷയേറിയ വാഹനങ്ങളിലൊന്നാണിത്. ആവശ്യമെങ്കില്‍ ഉപയോഗിക്കാനുള്ള ‘മറീന്‍വണ്‍’ ഹെലികോപ്റ്ററും എത്തിച്ചിട്ടുണ്ട്.

വിമാനത്താവളത്തില്‍ എത്തുന്ന ട്രംപിനെ വരവേല്‍ക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയര്‍ ബിജല്‍ പട്ടേല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടാകും. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍. വിമാനത്താവളത്തില്‍നിന്ന് 12 മണിയോടെ നടക്കുന്ന റോഡ് ഷോയും നമസ്‌തേ ട്രംപ് സംസ്‌കാരിക വിരുന്നും കഴിഞ്ഞ് താജ്ഹലും സന്ദര്‍ശിച്ച ശേഷം വൈകീട്ടോടെ ഡല്‍ഹിയിലെത്തുന്ന ട്രംപ് ഐ.ടി.സി മൗര്യ ഹോട്ടലില്‍ വിശ്രമിക്കും. റോഡ് ഷോയില്‍ ട്രംപും ഭാര്യ മെലാനിക്കുമായി റോഡിലെ നീണ്ട വേദികളില്‍ 28 സംസ്ഥാനങ്ങളുടെ കലാപരിപാടികളും മറ്റുമായി ആര്‍ഭാടകരമായ വരുന്നാണ് രാജ്യം ഒരുക്കിയിരിക്കുന്നത്. സാബര്‍മതി ആശ്രമ സന്ദര്‍ശനവും അഹമ്മദാബാദ് ഓള്‍ഡ് സിറ്റി വീക്ഷിക്കാന്‍ ഇടയില്‍ നടക്കും. മോദിക്കൊപ്പം 22 കിലോമീറ്റര്‍ സഞ്ചരിച്ച് ഒന്നരയോടെ പൂര്‍ത്തിയാവുന്ന രീതിയിലാണ് റോഡ് ഷോ.

ട്രംപിന്റെ സന്ദര്‍ശന പരിപാടികളുള്ള അഹമ്മദാബാദ്, ഡല്‍ഹി, ആഗ്ര നഗരങ്ങള്‍ കനത്ത സുരക്ഷാ വലയത്തിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച മൊട്ടേര സ്‌റ്റേഡിയത്തിലെത്തി തയ്യാറെടുപ്പുകള്‍ വിലയിരുത്തി. രാവിലെ ഒമ്പതു മുതല്‍ തന്നെ കാണികളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. ഇവര്‍ക്കായി ഗുജറാത്തിലെയും ഹോളിവുഡിലെയും പ്രമുഖ ഗായകരുടെ സംഗീതപരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. വിശിഷ്ടാതിഥികള്‍ എത്തുന്നതിനുമുന്നേ ഇവ അവസാനിപ്പിക്കുന്ന രീതിയിലാണ് സംഘാടനം. നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും ഒരു ലക്ഷത്തിലേറെ വരുന്ന ജനക്കൂട്ടത്തോട് സംസാരിക്കും. 3.30ഓടെ പരിപാടികള്‍ അവസാനിപ്പിക്കും.