ഇന്ത്യക്കാരുടെ മൃതദേഹം; എയര്‍ അറേബ്യ നിരക്ക് 1,100 ദിര്‍ഹമായി നിജപ്പെടുത്തി

ജലീല്‍ പട്ടാമ്പി

ദുബൈ:യു.എ.ഇയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഈടാക്കിയിരുന്ന നിരക്ക് 1,100 ദിര്‍ഹമായി എയര്‍ അറേബ്യ നിജപ്പെടുത്തി. ഇതു വരെ മൃതദേഹത്തിന്റെ തൂക്കം നോക്കി നിരക്ക് ഈടാക്കിയിരുന്ന രീതിക്കാണ് ഇതോടെ മാറ്റമുണ്ടായിരിക്കുന്നത്. ഇതു വരെ 3,000 ദിര്‍ഹം വരെ ചുമത്തിയിരുന്ന നിരക്കാണ് 1,100 ദിര്‍ഹമായി കുറഞ്ഞിരിക്കുന്നത്. തൂക്കത്തിന് പകരം നിരക്ക് ഈടാക്കിയിരുന്ന രീതിക്ക് പകരം ഇനി ഒരു മൃതദേഹത്തിന് 1,100 ദിര്‍ഹമാണ് നിരക്ക് ഈടാക്കുക. ഈ നിരക്ക് ഉടന്‍ പ്രാബല്യത്തിലായതായി എയര്‍ അറേബ്യ കാര്‍ഗോ സെയില്‍സ് ആന്റ് ഓപറേഷന്‍സ് ഓഫീസര്‍ ഹറിവിഗ് ടാന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.

പരിഷ്‌കരിച്ച നിരക്ക് പ്രകാരം 1,100 ദിര്‍ഹമിന് ഏകദേശം 19,500 രൂപയാണ് ഒരു മൃതദേഹം നാട്ടിലയക്കാന്‍ നിരക്ക് ചെലവാകുക. ഈ നിരക്കനുസരിച്ചാണ് ഇന്നലെ ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും മൃതദേഹങ്ങള്‍ അയച്ചതെന്ന് നിരക്ക് കുറക്കുന്നതിന് വേണ്ടിയുള്ള അശ്രാന്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.

ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലയക്കുമ്പോള്‍ ഭാരം നോക്കി അതിനനുസരിച്ച് നിരക്ക് ഈടാക്കുന്നത് അമാന്യ നടപടിയാണെന്നും ചുരുങ്ങിയ നിരക്ക് മാത്രം ചുമത്തണമെന്നും ആവശ്യപ്പെട്ട് അഷ്‌റഫ് താമരശ്ശേരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നു. ഇതിന്റെ ഭാഗമായി മൂന്നു ദിവസം മുന്‍പ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ എയര്‍ അറേബ്യ മാനേജര്‍ രഞ്ജിത്തിനെ കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന്, നിരക്ക് 1,400 ദിര്‍ഹമാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള എയര്‍ അറേബ്യയുടെ ആദ്യ അറിയിപ്പുണ്ടായി. എന്നാല്‍, വീണ്ടും കുറക്കണമെന്ന് അഭ്യര്‍ത്ഥിച്ചത് പ്രകാരം 1,100 ദിര്‍ഹമാക്കി നിജപ്പെടുത്തി ഇന്നലെ സര്‍ക്കുലര്‍ പുറത്തിറങ്ങുകയായിരുന്നു.

ഏതായാലും, ഇത്തരമൊരു നല്ല കാര്യം നിര്‍വഹിക്കാനായതില്‍ ആത്മസംതൃപ്തിയുണ്ടെന്നും ഇതിനായി സഹായിച്ച എയര്‍ അറേബ്യ അധികൃതരോടും സംഘടനാ പ്രവര്‍ത്തകരോടും മുഴുവന്‍ സുമനസുകളളോടും കടപ്പാടും കൃതജ്ഞതയുമുണ്ടെന്നും അഷ്‌റഫ് പറഞ്ഞു.
എയര്‍ ഇന്ത്യയും നിരക്ക് കുറക്കണമെന്നാണ് ഇന്ത്യന്‍ സമൂഹത്തിന്റെയാകെയുള്ള ആഗ്രഹം. അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എയര്‍ ഇന്ത്യയും ഇക്കാര്യത്തില്‍ താമസിയാതെ തന്നെ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശിച്ചു.

നിരക്ക് നജിപ്പെടുത്തിക്കൊണ്ടുള്ള അറിയിപ്പ് എയര്‍ ഇന്ത്യയില്‍ നിന്ന് ഉടന്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. മുഴുവന്‍ ജിസിസിയിലും ബാധകമാകുന്ന വിധത്തിലുള്ള നിരക്കാണ് എയര്‍ ഇന്ത്യ നടപ്പാക്കുകയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. യുഎഇക്ക് മാത്രമായി നയം രൂപവത്കരിക്കാനാവില്ല എന്നതിനാലാണ് എല്ലാ ജിസിസി രാജ്യങ്ങളിലും ഉണ്ടാകത്തക്ക നിലയില്‍ ഇത് നടപ്പാക്കുകയെന്നും അധികൃതര്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.

ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ എയര്‍ ഇന്ത്യാ വിമാനങ്ങളില്‍ നാട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ തൂക്കത്തിനനുസരിച്ച് നിരക്ക് ഈടാക്കുന്ന രീതി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ആലോചിക്കാനെന്ന പേരില്‍ അടുത്തിടെ ദുബൈയിലെ ഒരു റെസ്‌റ്റോറന്റില്‍ വിളിച്ചു ചേര്‍ത്ത യോഗം മതിയായ ഏകോപനമില്ലാതെയാണ് പര്യവസാനിച്ചത്.