കോവിഡ് രോഗവ്യാപനം കുറച്ചു കാലം കൂടി തുടരുമെന്ന് എയിംസ് ഡയറക്ടര്‍ ഡോക്ടര്‍ രണ്‍ദീപ് ഗുലേറിയ. ശൈത്യകാലത്ത് രണ്ടാമതൊരു തവണ കൂടി രോഗവ്യാപനം ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരുവര്‍ഷത്തിലധികം നീണ്ടുനില്‍ക്കുന്ന, ദീര്‍ഘകാല പോരാട്ടമായി നമ്മള് ഇതിനെ കൈകാര്യം ചെയ്യണം. കോവിഡ് നമ്മുടെ ചുറ്റുപാടില്‍ എങ്ങിനെ ബാധിച്ചിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാവണം പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്തുന്ന ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിലെ അംഗമാണ് ഗുലേറിയ. രാജ്യത്ത് രോഗവ്യാപനം തടയുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം സഹായകരമായെന്ന് ഗുലേറിയ പറഞ്ഞു. സ്വകാര്യ മേഖലയിലെ ആശുപത്രികളും മറ്റ് മെഡിക്കല്‍ സ്ഥാപനങ്ങളും കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ പ്രാപ്തമാവണമെന്നും അദ്ദേഹം പറഞ്ഞു.