ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കോവിഡ് കേസുകള്‍ വലിയതോതില്‍ കുറയ്ക്കാന്‍ സഹായകമായില്ലെന്ന് എയിംസ് ഡയറക്ടര്‍. രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്ന തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതേയുളളൂ എന്നും എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കി.
വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ മൂര്‍ധന്യത്തില്‍ എത്തുക വ്യത്യസ്ത കാലഘട്ടത്തിലായിരിക്കും. രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. അതില്‍ ജനസംഖ്യയും ഒരു ഘടകമാണ്. ഇന്ത്യയെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജനസംഖ്യ യൂറോപ്പിലെ രണ്ടു മൂന്നു രാജ്യങ്ങളുടെ ജനസംഖ്യ ഒന്നിച്ച് എടുത്താലും അതിന് മുകളില്‍ വരും. രാജ്യത്തെ മരണനിരക്ക് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോട്ട്‌സ്‌പോട്ടുകളായ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ പ്രാദേശിക വ്യാപനം കൂടുതലായി സംഭവിച്ചു എന്നാണ് കരുതേണ്ടത്. രാജ്യത്തെ പത്തുപന്ത്രണ്ട് നഗരങ്ങളില്‍ പ്രാദേശിക വ്യാപനത്തിനുളള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജനങ്ങളില്‍ പലരും ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ എടുത്തില്ല. ഉത്തരവാദിത്തതോടെ പെരുമാറുക എന്നത് സുപ്രധാനമാണ്.കോവിഡിനെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ ആരോഗ്യമേഖലയിലെ ആസൂത്രണത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.