അലിഗഢ്: ആശുപത്രി ബില്ലായ 4000 രൂപ അടയ്ക്കാത്തതിനെ തുടര്‍ന്ന് രോഗിയെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ തല്ലികൊലപ്പെടുത്തി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അലിഗഡ് ജില്ലയിലെ ഇഗ്ലാസ് ഗ്രാമത്തില്‍ നിന്നുള്ള നാല്പത്തിനാല് വയസ്സുള്ള സുല്‍ത്താന്‍ ഖാന് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധുക്കളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ആശുപത്രി ജീവനക്കാര്‍ ഖാനെയും അദ്ദേഹത്തിന്റെ ബന്ധുക്കളില്‍ ചിലരെയും ആക്രമിച്ചതായും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു.
ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായിരുന്നു ഖാനും കുടുംബവും. എന്നാല്‍ ചികിത്സയ്ക്കാവശ്യമായ തുകയില്ലാത്തതിനാല്‍ അവര്‍ തിരിച്ചു പോകാന്‍ തീരുമാനിച്ചു. മടങ്ങിപ്പോകുംവഴിയാണ് ആശുപത്രി ജീവനക്കാര്‍ ഇവരെ ആക്രമിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായി പൊലീസ് അറിയിച്ചു. ആശുപത്രി ജീവനക്കാരുമായി കലഹിക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി അലിഗഢ് എസ്.പി അഭിഷേക് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മുറിവുകളെക്കുറിച്ച് വിശദവിവരങ്ങള്‍ ലഭിക്കൂ.
സുല്‍ത്താന്‍ ഖാന് വ്യാഴാഴ്ച ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയിരുന്നു. പണമടയ്ക്കുന്നത് സംബന്ധിച്ച് അന്നേ ദിവസം പ്രശ്നമുണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു. തര്‍ക്കം പിന്നീട് കലഹത്തിലെത്തുകയും കൊലപാതകത്തിലേക്കെത്തുകയുമായിരുന്നു. ഖാന് ചികിത്സ ലഭിച്ചില്ലെന്നും എന്നാല്‍ ആശുപത്രി ജീവനക്കാര്‍ അധിക തുക ഈടാക്കിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു.
ബില്ല് അനുസരിച്ച് അടക്കേണ്ടിയിരുന്ന 3783 രൂപ നല്‍കിയെന്നും എന്നാല്‍ ആശുപത്രി സന്ദര്‍ശിച്ചതിന് 4000 രൂപ കൂടി കൗണ്ടറില്‍ അടയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 200 രൂപ ഇതിനായി ആദ്യം തന്നെ അടച്ചിരുന്നുവെന്ന് മറുപടി നല്കി. പുറത്തേയ്ക്ക് നടന്ന സമയത്ത് ഒരാള്‍ വന്ന് തടഞ്ഞു. പിന്നീട് നാലഞ്ച് പേര് വന്ന് മര്‍ദ്ദിക്കുകയും ഗുരുതരമായി പ്രഹരമേറ്റ ഖാന് മരിക്കുകയായിരുന്നു.