മയക്കുമരുന്ന് ലഭിക്കാത്തത് കൊണ്ട് യുവാവ് കത്തി വിഴുങ്ങി; ഒന്നരമാസത്തിന് ശേഷം കരളില്‍ തറച്ചിരുന്ന കത്തി പുറത്തെടുത്തു

ഡല്‍ഹി: മയക്കുമരുന്ന് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മാനസികസംഘര്‍ത്തില്‍ കത്തി വിഴുങ്ങിയ യുവാവിന്റെ കരളില്‍ തറച്ചിരുന്ന കത്തി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. എയിംസില്‍ നടന്ന മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ 20 സെന്റിമീറ്റര്‍ നീളമുള്ള കത്തിയാണ് പുറത്തെടുത്തത്.

ഒന്നര മാസം മുമ്പാണ് ഇരുപത്തെട്ടുകാരന്‍ കത്തി വിഴുങ്ങിയത്. വിശപ്പിലായ്മയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് കരളില്‍ തറച്ച നിലയില്‍ കത്തി കണ്ടെത്തിയത്. അതുവരെ യുവാവിന്റെ വീട്ടുകാര്‍ കത്തി വിഴുങ്ങിയ കാര്യം അറിഞ്ഞിരുന്നില്ല.

പൂര്‍ണമായും കരളില്‍ തറച്ച കത്തി ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലെ വിദഗ്ധന്‍ ഡോ. എന്‍ ആര്‍ ദാസിന്റെ നേതൃത്വത്തിലാണ് നീക്കിയത്. കത്തി വിഴുങ്ങിയ ഒരാള്‍ രക്ഷപ്പെടുന്ന ആദ്യത്തെ കേസാണിതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഹരിയാനയില്‍ നിന്നെത്തിയ യുവാവ് മയക്കുമരുന്നിന് അടിമയായിരുന്നതായും മയക്കുമരുന്ന് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ മാനസികസംഘര്‍ത്തിനിടെ കത്തി വിഴുങ്ങുകയായിരുന്നുവെന്നും എയിംസ് അധികൃതര്‍ അറിയിച്ചു.

SHARE