സുഗതന്റെ മരണം: മുഖ്യമന്ത്രി-എ.ഐ.വൈ.എഫ് വാക്‌പോര് തുടരുന്നു

തിരുവനന്തപുരം: കൊല്ലം ഇളമ്പലിയില്‍ പ്രവാസിയായ സുഗതന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി-എ.ഐ.വൈ.എഫ് വാക്‌പോര് തുടരുന്നു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി എ.ഐ.വൈ.എഫ് രംഗത്തെത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പ്രസ്താവന ഭൂമാഫിയയെ സഹായിക്കാനാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. കൊടി കുത്തിയതാണ് ഏറ്റവും വലിയ അപരാധമെന്നാണ് മുഖ്യമന്ത്രി വരുത്തി തീര്‍ക്കുന്നത്. സമരങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ശ്രമം. ഒരു സമരത്തില്‍ പതാക ഏറ്റവും പ്രധാനപ്പെട്ടതാണ്. നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെയാണ് എ.ഐ.വൈ.എഫ് കൊടി കുത്തിയത്. കൊടി കുത്തിയതുകൊണ്ടല്ല സുഗതന്‍ മരണപ്പെട്ടത്. നിയമവിരുദ്ധമായി നികത്തിയ ഭൂമി തന്നെയായിയുരുന്നു അത്. ഡാറ്റാ ബാങ്കില്‍ പെട്ട ഭൂമിയില്‍ കെട്ടിടം പണിയാന്‍ അനുമതി കൊടുത്തത് ആരാണ് എന്ന് അന്വേഷിക്കേണ്ടതിന് പകരം പ്രതികരിച്ച പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി. പണം വാങ്ങി നിയമവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെ പിന്തുണക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു.

എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. നിയമാനുസൃതമായ എല്ലാ നടപടികള്‍ക്കും സര്‍ക്കാര്‍ പിന്തുണ ഉണ്ടാകും. വ്യവസായ സൗഹൃദ സംസ്ഥാനമാക്കുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഓരോ പാര്‍ട്ടിയുടേയും വിലപ്പെട്ട സ്വത്താണ് കൊടിയെന്നും അത് എവിടെയെങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

SHARE