കൊച്ചി: ഒരു വിദ്യാര്‍ത്ഥി പോലുമില്ലാതെ സംസ്ഥാനത്ത് അടച്ചുപൂട്ടലിനായി കാത്തിരിക്കുന്നത് 19 എയ്ഡഡ് സ്കൂളുകള്‍. പത്തനംതിട്ട തിരുവല്ല മുത്തൂര്‍ എല്‍പിജിഎസ്, പത്തനംതിട്ട പത്തിക്കാട് എംഡിഎല്‍പി എസ്, പത്തനംതിട്ട പുതുശേരി സിറിയന്‍ എ ഡിഎല്പിഎസ്, പത്തനംതിട്ട കവിയൂര്‍ സിഎം എസ്എല്‍പിഎസ്, കോട്ടയം ഇല്ലങ്കുളം കെവിയുപിഎസ്, കോട്ടയം രാമപുരം മഞ്ചാടിമുറ്റം എല്‍പിഎസ്, എറണാകുളം മട്ടാഞ്ചേരി എല്എല്സിഎച്ച്എസ്, എറണാകുളം കുളപ്പുറം സെന്റ് ജോര്‍ജ് എല്‍പിഎസ്, എറണാകുളം ചെത്തിക്കോട് സെന്റ് ജോസഫ് എല്‍പിഎസ്, എറണാകുളം കോന്തുരുത്തി സെന്റ് ജോണ്‍സ് എല്‍പിഎസ്, എറണാകുളം വടുതല എജെ എല്‍പിഎസ്,
എറണാകുളം മലയാറ്റൂര്‍ സെന്റ് ജോസഫ് എല്‍പിഎസ്, തൃശൂര്‍ കഴിമ്പ്രം ഡി വി സൗത്ത് എല്‍പിഎസ്, തൃശൂര്‍ വലപ്പാട് കെഎംഎംഎല്പിഎസ്, പാലക്കാട് പുതുശേരി എസ്വിഎസ്എംയുപിഎസ്, കോഴിക്കോട് ഫറോക്ക് ചെറുവണ്ണൂര്‍ എഎല്‍പിഎസ്, കാസറഗോഡ് കാഞ്ഞങ്ങാട് റാണിപുരം എഎല്‍പിഎസ് എന്നീ സ്കൂളുകളാണ് ഒരു വിദ്യാര്‍ത്ഥി പോലുമില്ലാതെ മരണ മണി കാത്തിരിക്കുന്ന സ്കൂളുകള്‍. വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷക്ക് മറുപടിയായി പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയതാണ് ഈ കണക്കുകള്‍. ഇതു കൂടാതെ ലാഭകരമല്ലാത്ത 15 എയ്ഡഡ് സ്കൂളുകളുടെ മാനേജ്മെന്റുകള്‍ അടച്ചുപൂട്ടലിന് സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുന്നുണ്ട്. ലാഭകരമല്ലാത്ത സ്കൂളുകള്‍ അടച്ചു പൂട്ടില്ലെന്ന് നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് അടച്ചുപൂട്ടലിനായി മാനേജ്മെന്റുകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ലാഭകരമല്ലാത്തിനാല് 44 എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ഥി പോലുമില്ലാത്ത അഞ്ച് സ്കൂളുകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തന്നെ ഉത്തരവിറക്കി. കൊല്ലം സ്വാലിഹ മെമ്മോറിയല്‍ സ്കൂള്‍, കൊല്ലം കുന്നുംതറ യുപിഎസ്, എറണാകുളം ആയവന എല്‍.പി സ്കൂള്‍, എറണാകുളം കലൂര്‍ ഷറഫുല്‍ ഇസ്ലാം യുപിഎസ്, തലശേരി വാണി വിലാസം യുപിഎസ് എന്നിവയാണ് സര്‍ക്കാര്‍ അടച്ചു പൂട്ടിയത്. സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ അഞ്ച് സ്കൂളുകള്‍ കോടതിയെ സമീപിച്ച് അനൂകൂല ഉത്തരവ് വാങ്ങി. എന്നാല്‍ ഇവിടങ്ങളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്ളതിനാല് ഉത്തരവ് ഇതുവരെ നടപ്പിലായിട്ടില്ല.