ലക്നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിനുനേരെ ഭരണത്തിലിരിക്കുന്ന യോഗി സര്‍ക്കാറിന്റെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനെത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
ബിജ്നോര്‍ ജില്ലയിലെ നാഥൂര് മേഖലയില്‍ കൊല്ലപ്പെട്ട രണ്ടുപേരുടെ കുടുംബത്തെയാണ് പ്രിയങ്ക കാണാനെത്തിയത്. പൊലീസിന്റെ കടുത്ത നിയന്ത്രണങ്ങള്‍ മറികടന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായപ്രിയങ്ക ബിജ്നോറിലെത്തിയത്. സന്ദര്‍ശനം പൊലീസ് തടയുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പ്രിയങ്കയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച പ്രിയങ്ക, യോഗി സര്‍ക്കാരിന്റെ മനുഷ്യത്വവിരുദ്ധമായ സമീപനങ്ങളെ ശക്തമായി എതിര്‍ക്കുമെന്ന് വ്യക്തമാക്കി.
പൊലീസ് വെടിവെപ്പുണ്ടായ സംഭവത്തില്‍ എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ കേസ് ഫയല്‍ ചെയ്താല്‍ അവര്‍ക്കെതിരെ പൊലീസും കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിയുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
അതിനിടെ, പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തില്ലെന്ന യുപിയി പൊലീസ് വാദവുംപൊളിയുന്നു. 16 പേരാണ് സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ചത്. തങ്ങള്‍ സംഘര്‍ഷത്തിനിടെ പ്രതിഷേധകാര്‍ക്ക് നേരെ ഒരു തവണ പോലും വെടിവച്ചിട്ടില്ലെന്നാണ് പൊലീസ് വാദിക്കുന്നത് എന്നാല്‍ ഇത് നുണയാണെന്ന് വ്യക്തമാകുന്ന വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. കാണ്‍പൂരില്‍ പൊലീസും പ്രതിഷേധകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസ് വെടിവയ്ക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവയ്പ്പിലല്ലെന്ന് പൊലീസ് ആവര്‍ത്തിക്കുന്നതിനിടെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്.