മോദി ചൈന സന്ദര്‍ശിച്ചത് ഒമ്പതു തവണ, മന്‍മോഹന്‍ പോയത് രണ്ടു വട്ടം- എന്നിട്ടും…

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ ചൈനയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയത് നരേന്ദ്രമോദിയെന്ന് കോണ്‍ഗ്രസ്. ഒമ്പത് തവണ മോദി ചൈനയില്‍ പോയെന്നും പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേല്‍ ചൂണ്ടിക്കാട്ടി. ആദ്യ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റു മുതല്‍ മോദി വരെയുള്ളവരുടെ കണക്കുകള്‍ നിരത്തിയാണ് പട്ടേലിന്റെ ട്വീറ്റ്.

നെഹ്‌റു ഒരുതവണയും മന്‍മോഹന്‍ രണ്ടുതവണയും സന്ദര്‍ശിച്ചപ്പോള്‍ മോദി ഒമ്പതു വട്ടം ചൈന സന്ദര്‍ശിച്ചു. ഗുജറാത്ത മുഖ്യമന്ത്രിയായിരിക്കെ നാലു തവണയും പ്രധാനമന്ത്രിയായിരിക്കെ അഞ്ചു തവണയുമാണ് മോദി ചൈനയിലെത്തിയത്. ആറു വര്‍ഷത്തിനിടെ എട്ടു തവണയാണ് ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍ പിങുമായി മോദി കൂടിക്കാഴ്ച നടത്തിയത്.

‘ ചൈന വീണ്ടും നമ്മുടെ ഭൂമി അധീനപ്പെടുത്തുമ്പോള്‍ ചൈനയിലേക്ക് നടത്തിയ ഔദ്യോഗിക സന്ദര്‍ശനങ്ങളുടെ പട്ടിക ഓര്‍ത്തു വയ്ക്കുന്നതിന് പ്രാധാന്യമുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു ഒന്ന്, ലാല്‍ ബഹദൂര്‍ ശാസ്ത്രി പൂജ്യം, ഇന്ദിരാഗാന്ധി പൂജ്യം, മൊറാര്‍ജി ദേശായി പൂജ്യം, രാജീവ് ഗാന്ധി ഒന്ന്, പി.വി നരസിംഹ റാവു ഒന്ന്, എച്ച്.ഡി ദേവഗൗഡ പൂജ്യം, ഐ.കെ ഗുജ്‌റാള്‍ പൂജ്യം, എ.ബി വാജ്‌പേയി ഒന്ന്, മന്‍മോഹന്‍സിങ് രണ്ട്, നരേന്ദ്രമോദി ഒമ്പത് (പ്രധാനമന്ത്രിയായി അഞ്ചു തവണ, ഗുജറാത്ത് മുഖ്യമന്ത്രിയായി നാലു തവണ)- കെട്ടിപ്പിടിക്കല്‍ നയതന്ത്രം-‘ എന്നാണ് അഹമ്മദ് പട്ടേലിന്റെ ട്വീറ്റ്.

2014 സെപ്തംബറില്‍ ആയിരുന്നു മോദിയും ഷി ജിന്‍ പിങും തമ്മിലുള്ള ഒന്നാമത്തെ കൂടിക്കാഴ്ച. അന്ന് ഷി ജിന്‍ പിങ് ഇന്ത്യയിലെത്തുകയായിരുന്നു. അഹമ്മദാബാദിലായിരുന്നു കൂടിക്കാഴ്ച. 2015ല്‍ ഷിയുടെ ജന്മനാടായ സിയാനിലേക്കാണ് മോദി പോയത്. 2019 ഒക്ടോബറിലായിരുന്നു അവസാന കൂടിക്കാഴ്ച, തമിഴ്‌നാട്ടിലെ മാമല്ലപുരത്ത്. ദക്ഷിണേന്ത്യന്‍ ശൈലിയില്‍ വസ്ത്രം ധരിച്ചാണ് മോദി ചൈനീസ് പ്രസിഡണ്ടിനെ സ്വീകരിച്ചിരുന്നത്.