അഗ്വേറോയുടെ കാര്യത്തില്‍ സംശയമില്ല: മുബാറക്

ലണ്ടന്‍: സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ തുടരുന്ന കാര്യത്തില്‍ സംശയമില്ലെന്ന് ക്ലബ്ബ് ചെയര്‍മാന്‍ ഖല്‍ദൂന്‍ അല്‍ മുബാറക്. ജനുവരിയില്‍ ഗബ്രിയേല്‍ ജീസസ് ടീമിലെത്തിയതിനെ തുടര്‍ന്ന് വേനല്‍ ട്രാന്‍സ്ഫര്‍ കാലയളവില്‍ അര്‍ജന്റീനക്കാരന്‍ സിറ്റി വിട്ടേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ജീസസിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ കോച്ച് പെപ് ഗ്വാര്‍ഡിയോള 28-കാരനെ തഴഞ്ഞതും ഇതിന് ശക്തിപകര്‍ന്നു.റയല്‍ മാഡ്രിഡ് അഗ്വേറോക്കു വേണ്ടി രംഗത്തുണ്ടെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ഖല്‍ദൂന്‍ അല്‍ മുബാറക് മനസ്സു തുറന്നത്. ‘അഗ്വേറോയുടെ ഭാവിയെപ്പറ്റി പലതരത്തിലുള്ള വാര്‍ത്തകള്‍ കണ്ടിരുന്നു. എല്ലാം അസംബന്ധമാണ്. ലോകത്തെ മികച്ച കളിക്കാരിലൊരാളാണ് അഗ്വേറോ. കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിക്കാന്‍ ആഗ്രഹിക്കുന്ന ടീമാണ് ഞങ്ങള്‍. അഗ്വേറോ അതിലെ പ്രധാന ഘടകമാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല’ – മുബാറക് പറഞ്ഞു.യായ ടൂറെ പുതിയ കരാറില്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നതെന്നും ഐവറി കോസ്റ്റ് താരത്തില്‍ ഗ്വാര്‍ഡിയോളക്ക് വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE