യുപിയില്‍ കമിതാക്കള്‍ക്കെതിരെ മര്‍ദ്ദനം; വീഡിയോ സമൂഹമാധ്യമങ്ങളില്‍

ലക്‌നൗ: യുപിയിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ സദാചാരക്കാര്‍ കമിതാക്കളെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. വനപ്രദേശത്ത് വെച്ച് ഒരു സംഘം ആളുകള്‍ തുടര്‍ച്ചയായി ഇരുവരെയും തൊഴിക്കുകയും വടി ഉപയോഗിച്ചു മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യം അക്രമികള്‍ തന്നെയാണ് പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരിക്കുന്നത്.
മര്‍ദ്ദിക്കുമ്പോള്‍ വേദനകൊണ്ട് ഇരുവരും പുളയുന്നതായും അല്‍പനേരത്തെ ഇടവേളക്കു ശേഷം വീണ്ടും മര്‍ദ്ദിക്കുന്നതായും വീഡിയോയില്‍ ദൃശ്യമാകുന്നു. അക്രമികള്‍ ആവശ്യമില്ലാതെ പെണ്‍കുട്ടിയുടെ ദേഹത്ത് കൈവെക്കുന്നതും മര്‍ദ്ദിക്കാനായി ഒരാള്‍ പിടിച്ചു കൊടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
കോല്‍ഹുയി വനപ്രദേശത്തെ ഒറ്റപ്പെട്ട ഭാഗത്ത് കമിതാക്കള്‍ ഒരുമിച്ചിരുന്നതാണ് സദാചാരക്കാരെ പ്രലോഭിപ്പിച്ചത്. പ്രദേശത്തെ സാധാരണക്കാരായ ഒരുകൂട്ടം യുവാക്കളാണ് അക്രമത്തിനു പിന്നിലെന്നാണ് നിഗമനം. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. അക്രമം നടത്തിയ യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു. ഇത് നിസാര സംഭവമല്ലെന്നും അക്രമികളെ ഉടന്‍ പിടികൂടുന്നതിനായി നടപടികളാരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

SHARE