30 കഴിഞ്ഞാല്‍ എല്‍.എല്‍.ബിക്ക് ചേരാനാവില്ല

പ്രായപരിധി ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് പ്രവേശന പരീക്ഷ നടത്തിയ ശേഷം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്‍.എല്‍.ബി പ്രവേശന പരീക്ഷ കഴിഞ്ഞ് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രവേശനത്തിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ പ്രായപരിധി ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്.

ഇതോടെ 30 വയസിന് മുകളിലുള്ളവര്‍ക്ക് ഇനി അഭിഭാഷകരാകാന്‍ കഴിയില്ല. ഈ അധ്യയന വര്‍ഷത്തിലെ അഡ്മിഷനുകളിലും പ്രായപരിധി ബാധകമാണ്. കോടതിവിധിയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയതെന്നാണ് വിശദീകരണം.

പഞ്ചവത്സര എല്‍.എല്‍.ബി, ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനാണ് സുപ്രീംകോടതി ഉത്തരവിന്റെയും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിബന്ധനകളുടെയും അടിസ്ഥാനത്തില്‍ ഉയര്‍ന്ന പ്രായപരിധി ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.


Dont miss: സുരേഷ് ഗോപിയെ ഇറക്കി പുതിയ തന്ത്രവുമായി ബി.ജെ.പി

 

ത്രിവത്സര എല്‍.എല്‍.ബിക്ക് 30 വയസും പഞ്ചവത്സര കോഴ്‌സിന് 20 വയസുമാണ് പ്രായപരിധി. ഇത്തവണ പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ളവര്‍ വയസ് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ഉടന്‍ തന്നെ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.

പ്രവേശന പരീക്ഷക്കായി റജിസ്റ്റര്‍ ചെയ്ത സൈറ്റില്‍ കയറിയാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. വ്യക്തതയുള്ളതും ആധികാരികവുമായ രേഖകള്‍ മാത്രമെ ജനന തിയതിയുടെ തെളിവിനായി പരിഗണിക്കുകയുള്ളു. രേഖകള്‍ തപാല്‍ വഴി അയക്കേണ്ടതില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി. കൂടാതെ പ്രവേശന സമയത്തും ഈ രേഖകള്‍ സമര്‍പ്പിക്കണം. നാളെ വൈകിട്ട് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പായി രേഖകള്‍ ഹാജരാക്കാത്തവരെ റാങ്ക് ലിസ്റ്റില്‍ പരിഗണിക്കുന്നതല്ല.


Dont miss: യു.എസ് നഗരത്തില്‍ മുസ്‌ലിം അനുകൂല റാലി

30 വയസിന് മുകളില്‍ പ്രായമുള്ള പ്രവേശന പരീക്ഷ എഴുതി അഡ്മിഷന് തയാറെടുത്ത നിരവധി പേര്‍ക്കാണ് പുതിയ ഉത്തരവിനെ തുടര്‍ന്ന് എല്‍.എല്‍.ബി പഠനമെന്ന മോഹം ഉപേക്ഷിക്കേണ്ടിവരുന്നത്. സര്‍ക്കാറിന്റെ ഉത്തരവിന്റെ പകര്‍പ്പും വിശദമായ വിവരങ്ങളും www.ceekerala.org  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

2013ലെ പ്രവേശന സമയത്തും പഞ്ചവത്സര എല്‍.എല്‍.ബിക്ക് പ്രായപരിധി നിശ്ചയിച്ചിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ഇടപെടുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പ്രായപരിധി നോക്കാതെ അപേക്ഷകള്‍ പരിഗണിക്കണമെന്ന ഹൈക്കോടതി വിധി ഉണ്ടാകുകയും പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നു.

ഇത്തവണയും പ്രായപരിധി ഏര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

SHARE