സംസ്ഥാനത്ത് ഗുരുതര സാഹചര്യം; വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണനയില്‍


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇതേപ്പറ്റി ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാകാര്യങ്ങളും പരിശോധിച്ച് തീരുമാനമെടുക്കും. കീം പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ പരീക്ഷ കഴിഞ്ഞ് ഒന്നിച്ച് ഇറങ്ങുമെന്ന് ഊഹിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച വന്നുവെന്നും മുഖ്യമന്ത്രി കുറ്റം സമ്മതിച്ചു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കും.

സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ള 8818 പേരില്‍ 53 പേര്‍ ഐസിയുവിലാണ്. ഒമ്പത് പേര്‍ വെന്റിലേറ്ററിലാണ്. തലസ്ഥാനത്തെ അടക്കം സമ്പര്‍ക്കവ്യാപനവും സാഹചര്യം വഷളാക്കുന്നു. അതിനു പുറമെ കീം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കോവിഡ് ബാധിച്ചതും സാഹചര്യത്തെ ഗുരുതരമാക്കി. തിരുവനന്തപുരത്ത് ബുധനാഴ്ച സ്ഥിരീകരിച്ച 226 പുതിയ രോഗികളില്‍ 190 പേര്‍ക്കും രോഗബാധ സമ്പര്‍ക്കം വഴിയാണ്മ. ഇതില്‍ 15 പേരുടെ രോഗ ഉറവിടമറിയില്ല; 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. പാറശാല അടക്കമുള്ള അതിര്‍ത്തിപ്രദേശങ്ങളില്‍ രോഗവ്യാപനം കൂടുന്നു.

സംസ്ഥാനത്താകെ ബുധനാഴ്ച 1038 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചതിവനു ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 1000 കടക്കുന്നത്. ഇതുവരെ 15,032 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു.

SHARE