കര്‍ണ്ണാടക തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടിക വാട്‌സ്അപ്പില്‍; പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബാംഗളൂരു: പ്രചരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വ്യാജമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ്സിന്റേതാണെന്ന രീതിയിലുള്ള സ്ഥാനാര്‍ഥിപട്ടിക വാട്‌സ്അപ്പിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. മെയ് 12-നാണ് കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ചര്‍ച്ച നടക്കുന്നതിനിടയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് നിരവധി മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും കോണ്‍ഗ്രസ്സിന്റെ വാട്ട്‌സ്അപ്പ് ഗ്രൂപ്പില്‍ നിന്ന് സ്ഥാനാര്‍ഥിപട്ടിക ചോര്‍ന്നുകിട്ടിയതെന്നാണ് വിവരം. ഇത് ചില ചാനലുകള്‍ പുറത്തുവിടുകയും ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന്റെ ഒപ്പോടുകൂടിയുള്ള ലിസ്റ്റാണ് പുറത്തായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. സ്ഥാനാര്‍ഥി പട്ടിക വ്യാജമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അസുഖബാധിതനായി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് ഡല്‍ഹിയിലെ ആസ്പത്രിയില്‍ ചികിത്സയിലാണെന്നും ഇത്തരത്തിലുള്ള ഒരു ഒപ്പും അദ്ദേഹം ചെയ്തിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. 132പേരുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ ലോക്‌സഭാ എം.പിയായ മല്ലികാര്‍ജ്ജുന ഖാര്‍ഖെയുടെ പേരും ഇടം പിടിച്ചിട്ടുണ്ട്.

വ്യാജവാര്‍ത്തകളെ ജാഗ്രതയോടെ കാണണമെന്നും അതില്‍ വീണുപോകരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഇത്തരം പ്രചാരണങ്ങളെ അംഗീകരിക്കരുതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. വ്യാജ ലിസ്റ്റിനു പിന്നില്‍ ബി.ജെ.പിയാണെന്നും ഈ ഉത്തരവാദിത്തത്തില്‍ നിന്നും ബി.ജെ.പി ഐ.ടി സെല്ലിന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും കര്‍ണ്ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായ മാധു യാഷ്‌കി ഗൗഡ് പറഞ്ഞു. ബി.ജെ.പിക്കെതിരെ ക്രിമിനല്‍ പരാതി നല്‍കുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന്റെ മാസ്റ്റര്‍മാരാണ് ബി.ജെ.പിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നിരന്തരമായി വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ബി.ജെ.പി. മൈസൂര്‍ ജില്ലയിലെ ചാമുണ്ടേശ്വരിയില്‍ നിന്ന് സിദ്ധരാമയ്യ മത്സരിക്കുന്നില്ലെന്നായിരുന്നു നേരത്തെ വാര്‍ത്ത പരന്നിരുന്നത്. എന്നാല്‍ വ്യാജവാര്‍ത്ത ആരോപണത്തില്‍ ബി.ജെ.പി ഇതുവരേയും പ്രതികരിച്ചിട്ടില്ല.