ആസിഫയുടെ ഉമ്മാക്ക് പറയാനുണ്ടായിരുന്നത്; മകള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യം മാത്രം: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ അത്യന്തം ആശങ്കാജനകമാണന്ന് മുസ്ലിംലീഗ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രാജ്യ മനസ്സാക്ഷിയെ നടുക്കിയ ആസിഫ കൊലപാതകം നടന്ന ജമ്മുവിലെ കത്വ സന്ദര്‍ശിച്ചതിന് ശേഷം ദില്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൂരമായി കൊലചെയ്യപ്പെട്ട ആസിഫയുടെ മയ്യിത്ത് മറവ് ചെയ്യാന്‍ പോലും തങ്ങളെ അനുവദിച്ചില്ലന്ന് ആസിഫയുടെ രക്ഷിതാക്കള്‍ തന്നോട് പറഞ്ഞെന്ന് ഇ.ടി പറഞ്ഞു. പണം കൊടുത്ത് വാങ്ങിയ ഭൂമിയില്‍ പട്ടയം നിഷേധിച്ചിരുന്നതായും തന്റെ മകളെ രണ്ട് കിലോമീറ്റര്‍ അപ്പുറം ചെങ്കുത്തായ് നിലകൊള്ളുന്ന മലയിടുക്കില്‍ മറവ് ചെയ്യേണ്ടി വന്നുവെന്നും നിസ്സഹായതയോടെ രക്ഷിതാക്കള്‍ പരാതി പറഞ്ഞു. ഇപ്പോഴും പലരും അവരെ ഭയപ്പെടുത്തുന്നാതായി മാതാവ് പറയുന്നതായും, ഇ.ടി മാധ്യമങ്ങളോട് പങ്കുവെച്ചു.

ഞങ്ങള്‍ എന്ത് സഹായമാണ് ചെയ്ത് തരേണ്ടതന്ന ചോദ്യത്തിന് ‘ കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷയുറപ്പ് വരുത്തുക, അവരെ തൂക്കിലേറ്റുക’ എന്നാണ് ആസിഫയുടെ ഉമ്മ മറുപടി പറഞ്ഞതെന്നും ഇ.ടി അറിയിച്ചു.
മകളെ പറ്റി പറയുമ്പോഴൊക്കെ ആ മാതാവ് വിങ്ങിപൊട്ടുകയായിരുന്നു. മുസ്ലിംലീഗ് പാര്‍ട്ടി കേസ് നടത്തിപ്പിനും ആസിഫയുടെ കുടുംബത്തിന്റെ പുനരധിവാസത്തിനും എന്തൊക്കെ ആവശ്യമാണോ അതൊക്കെ ഉറപ്പ് വരുത്താന്‍ തയ്യാറാണ്. ഏത് രീതിയിലുള്ള ഇടപെടലിനും പാര്‍ട്ടി ഒരുക്കമാണന്ന് ആസിഫയുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. അടിയന്തര സഹായം പാര്‍ട്ടി ഉറപ്പ് വരുത്തുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

ഭരണകൂടവും ഭരണത്തിന് നേതൃത്തം കൊടുക്കുന്ന പാര്‍ട്ടിയും ഇതില്‍ കൂട്ടുപ്രതികളാണ്. ജമ്മുവില്‍ നിന്ന് ബഖര്‍വാല്‍ മുസ്ലിം വിഭാഗത്തെ തുടച്ച് നീക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇത്ര ഹീനമായ അക്രമണം ആ കുട്ടിക്കെതിരെ ഇവര്‍ നടത്തിയത്. നാടിനെ ഈ സര്‍ക്കാര്‍ മലിനമാക്കുകയാണ്. രണ്ട് മന്ത്രിമാര്‍ രാജിവച്ചത് കൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കില്ല. പാര്‍ട്ടി പറഞ്ഞത് കൊണ്ടാണ് തങ്ങള്‍ അക്രമികളെ അനുകൂലിച്ച് പ്രകടനം നടത്തിയെതന്നാണ് രാജിവെച്ച മന്ത്രിമാര്‍ തന്നെ പറയുന്നത്. ഡെപ്യൂട്ടി മുഖ്യമന്ത്രി തന്നെ അക്രമികളെ വെള്ളപൂശാനെത്തുന്നതാണ് കാണാന്‍ കഴിഞ്ഞത്. ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ അനുവദിക്കാതെ ജമ്മുവിലെ അഭിഭാഷകര്‍ പബ്ലിക്ക് പ്രൊസിക്യൂട്ടറെ ഭീഷണിപ്പെടുത്തുന്നിടം വരെ കാര്യങ്ങള്‍ പോയി എന്നത് ഗൗരവം വര്‍ധിപ്പിക്കുന്ന, പത്രസമ്മേളനത്തില്‍ ഇ.ടി വ്യക്തമാക്കി.

ഉന്നാവു കേസിലും ഭരണകൂടം അക്രമികള്‍കൊപ്പം ചേര്‍ന്ന് ഇരയെ വേട്ടയാടുന്നതാണ് കണ്ടത്. മുഖ്യമന്ത്രി യോഗി അദിത്യനാഥിനെ നേരിട്ടു ചെന്നു പരാതി നല്‍കാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ ആ കുട്ടി ആത്മഹത്യ ശ്രമം നടത്തുന്നിടം വരെ കാര്യങ്ങളെത്തിയെന്നത് രാജ്യത്തിന്റെ കണ്ണുതുറപ്പിക്കണം. നിയമ വിദഗ്ദ്ധരുമായി ചര്‍ച്ച ചെയ്ത് നിയമ സഹായം ഉറപ്പാക്കും. ഇരകള്‍ക്ക് നീതിയുറപ്പാക്കാന്‍ ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. മുസ്ലീം ലീഗ് ദേശീയ നേതാവ് ഖുറം അനീസ് ഉമര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.