ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ലഖ്‌നൗ: ബി.ജെ.പി എം.എല്‍.എക്കെതിരെ ബലാത്സംഗ കുറ്റത്തിന് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. കഴിഞ്ഞ ദിവസം തന്നെ പീഡിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ല എന്നാരോപിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസന്തി മുമ്പില്‍ ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരണപ്പെടുന്നത്.

മരണത്തെ തുടര്‍ന്ന് നാല് പൊലീസുകാരെ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. ഞാറാഴ്ച രാത്രി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവായ സുരേന്ദ്ര സിങിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും ഉനയില്‍ നിന്നുള്ള ബിജെപി എം എല്‍ എയായ കുല്‍ദീപ് സിംഗ് സെങ്കറുടെ കൂട്ടാളികളായ നാലുപേരും പൊലീസ് ചേര്‍ന്ന് സുരേന്ദ്രനെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.

മര്‍ദ്ദനത്തില്‍ മാരകമായി പരിക്കേറ്റ ഇയാളെ ആദ്യം ആശുപത്രിയില്‍ എത്തിക്കാനും ഇവര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ രാത്രിയില്‍ ആരോഗ്യനില വളരെ മോശമായ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേന്ദ്ര സിങിനെ ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നും തുടര്‍ച്ചയായി സുരേന്ദ്ര ഛര്‍ദിച്ചിരുന്നാതായും ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു.

സംഭവത്തില്‍ കുറ്റക്കാരായ എം.എല്‍.എയുടെ അനുയായികളായ നാലുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അന്വേഷണം എത്രയുപ്പെട്ടന്ന് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മജിസ്‌ട്രേറ്റ് മനീഷ് ബന്‍സാല്‍ ഉത്തരവിട്ടുണ്ട്.

ഉനയില്‍ നിന്നുള്ള ബിജെപി എം എല്‍ എയായ കുല്‍ദീപ് സിംഗ് സെങ്കറും അദ്ദേഹത്തിന്റെ കൂട്ടാളികളും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. കുല്‍ദീപിനെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വലിയ പ്രശ്‌നങ്ങളാണ് തന്റെ കുടുംബത്തിന് നേരിടേണ്ടി വന്നതെന്ന് യുവതി നേരത്തെ പറഞ്ഞിരുന്നു.